Subscribe:

06 May 2011

ഭാരതത്തെ നമുക്ക് എങ്ങിനെ രക്ഷിക്കാം?

मेरा भारत महान 
ഇന്ത്യയുടെ മുൻപോട്ടുള്ള കുതിപ്പിന് വിലങ്ങ് തടി ആയ ചില കാരണങ്ങൾ എന്റെ കണ്ണിൽ.

1. അറിവില്ലായ്മ അഥവാ അറിയേണ്ടവ അറിയാതെ പോകുന്നത്
2. ധാർമികത നഷ്ടമായ രാഷ്ട്രീയം
3. അഴിമതി , കള്ളപ്പണം
4. വർഗീയത.

അറിവില്ലായ്മ അഥവാ അറിയേണ്ടവ അറിയാതെ പോകുന്നത് 
ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 65 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിലാണ് എന്നാണ് വെയ്പ്പ്. എന്നാൽ രാജ്യത്തുള്ളവരെല്ലാം സ്വന്തം പേര് എഴുതാൻ പഠിക്കുന്നതോ ഒരു ദിനഃപത്രം വായിക്കാൻ പഠിക്കുന്നതോ ആണോ സാക്ഷരത? സാക്ഷരരാണ് എന്ന് സ്വയം വിശ്വസിക്കുന്ന ഞാനും നിങ്ങളുമെല്ലാം അറിയേണ്ട പല കാര്യങ്ങളും അറിയാതെ പോകുന്നുണ്ട്.
വികസിത രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ അവകാശങ്ങളെയും കടമകളെയും പറ്റിയുള്ള അറിവിന്റെ നാലിലൊന്ന് നമുക്കുണ്ടായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാകുമായിരുന്നില്ല.
ഒരു ബസിൽ കയറി 50 പൈസ ബാക്കി കിട്ടാനുണ്ടെങ്കിൽ ചോദിക്കാതെ ഇറങ്ങി പോരും. ആളെ കയറ്റാതെ ബസ് പോയാൽ അടുത്ത വണ്ടി നോക്കി നിൽക്കും. കടയിൽ കയറി ഒരു സാധനത്തിന് MRP-യിൽ അധികം വില പറഞ്ഞാലും നമ്മൾ ഒന്നുകിൽ അത് വാങ്ങും അല്ലെങ്കിൽ വാങ്ങാതെ പോരും. യാത്രക്കിടയിലോ, വഴിയിലോ ഒരു മദ്യപാനി ശല്യമുണ്ടാക്കിയാലും നമ്മൾ അവിടെ നിന്ന് മുങ്ങും. യാത്ര മുടക്കിക്കൊണ്ട് റോഡിലൂടെ ഒരു ജാഥ പോയാലും നമ്മൾ ഒന്നും ചെയ്യില്ല. ഇങ്ങിനെ എത്ര എത്ര കാര്യങ്ങൾ നാം ഓരോ ദിവസവും കാണുന്നു.
നമ്മുടെ അവകാശങ്ങളെ പറ്റി നാം ബോധവാന്മാരായിരുന്നെങ്കിൽ തന്നെ ഇന്ന് ഈ നാട്ടിൽ നടക്കുന്ന ചൂഷണങ്ങൾ പകുതി ആകുമായിരുന്നു.
പരിഹാരം. 
1. ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഉള്ള  അവകാശങ്ങളെയും കടമകളെയും പറ്റി പുതിയ തലമുറയെ എങ്കിലും ബോധവാന്മാരാക്കുക. സ്കൂൾ തലത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ നാം നമ്മുടെ കുട്ടികളെ എങ്കിലും പഠിപ്പിക്ക്ക്കേണ്ടതുണ്ട്.
2. കൺമുന്നിൽ എന്ത് കൊള്ളരുതായ്മ കണ്ടാലും പ്രതികരിക്കാതിരിക്കുന്ന സ്വഭാവം മാറ്റുക. ശക്തമായി, പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിക്കുക. ഓർക്കുക പോലീസും മറ്റ് ഉദ്യോഗസ്ഥരും നമ്മെ സഹായിക്കുന്നതിനു വേണ്ടിയാണ് ശമ്പളം വാങ്ങുന്നത്. അവരുടെ സഹായം നമ്മുടെ അവകാശമാണ്. വേണ്ട സമയം അത് നേടിയെടുക്കുക. കുറച്ച് ബുദ്ധിമുട്ടിയാലും അത് നമ്മുടെ നാടിനു വേണ്ടി ആണെന്ന് ഓർക്കുക.

ധാർമികത നഷ്ടമായ രാഷ്ട്രീയം 
അധികാര രാഷ്ട്രീയം അതിന്റെ ഏറ്റവും വൃത്തികെട്ട അവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യയിൽ നാടകം കളിക്കുന്നത്. പണവും പവറും ആണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. തങ്ങളുടെ മന്ത്രി സഭയെ താങ്ങി നിർത്താൻ ഓരോ പാർടികളും കോടി കളാണ് കോഴയായും മറ്റും ചിലവാക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി രാഷ്ട്രീയ പാർടികൾക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉപദേശിക്കാൻ ഉള്ള പല ഏജൻസികളും പിറവിയെടുത്തിട്ടുണ്ട്. പേയ്‌ഡ് ന്യൂസ് എന്നു വിളിപ്പേരുള്ള, പണം കൊടുത്ത് മാധ്യമങ്ങളെ കൂടെ നിർത്തുന്നതു പോലുള്ള നാലാം തരം പണികളാണ് എല്ലാ പാർടികളും ചെയ്യുന്നത്. സ്വന്തം പാർടിയുടെ ഭരണ നേട്ടത്തേക്കാൾ എതിർ പാർടിയുടെ കൊള്ളരുതായ്മയും അഴിമതിയും പിന്നെ അവരുടെ നേതാക്കന്മാരുടെ വ്യക്തിപരമായ കാര്യങ്ങളും തന്നെയാണ് എല്ലാ തിരഞ്ഞെടുപ്പ് സമയത്തും എല്ലാ പാർടികളും പാടി നടക്കുന്നത്. പിന്നെ ഏറ്റവും ചിലവുള്ള രാഷ്ട്രീയ തന്ത്രമായ വർഗീയതയും കൂടി ആകുമ്പോൾ ജയ സാധ്യത കൂടും. ജയിക്കാനുള്ള ഈ ആവേശം രാജ്യത്തെ സേവിക്കുകയല്ലാ, സ്വന്തം കീശ നിറക്കുകയാണെന്ന് ആർക്കാണ് അറിയാത്തത്?

അഴിമതി
അഴിമതിയിൽ ഇന്ത്യ ഇപ്പോൾ 64-ആം സ്ഥാനത്തുണ്ട്. 2009-ൽ ഇത് 87 ആയിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അങ്ങിനെയെങ്കിൽ ഒന്നാം സ്ഥാനം അടിച്ചെടുക്കാൻ ഇനി ഒരു  അഞ്ചോ ആറോ വർഷം കൂടി കാത്തിരുന്നാൽ മതി. ചിലപ്പോൾ അത്രയും സമയം വേണ്ടി വരില്ലായിരിക്കാം. അഴിമതി ഇങ്ങ് താഴേ തട്ടിൽ നിന്ന് തുടങ്ങി ഇപ്പോൾ കോടതിയിൽ വരെ എത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. എന്തായാലും ഈയൊരു കാര്യത്തിൽ നമ്മൾ ജാതി,മത,വർണ്ണ,വർഗ്ഗ,ലിംഗ,രാഷ്ട്രീയ ഭേദമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ട് കുതിക്കുകയാണ്. അഴിമതിയും കള്ളപ്പണവും പരസ്പര പൂരകങ്ങളായിട്ടാണ് വർത്തിക്കുന്നത്. ഈ അഴിമതി പണവും, കള്ളപ്പണവും കണ്ടുകെട്ടിയാൽ തന്നെ ഇന്ത്യ ഒരു വൻ സാമ്പത്തിക ശക്തി ആയിത്തീരും. പട്ടിണി കിടന്നും, പോഷകാഹാരം കിട്ടാതെയും, ചികിത്സ കിട്ടാതെയും ആയിരങ്ങൾ മരിച്ചു വീഴുന്ന നാട്ടിലാണ് ഇത്രയും കള്ളപ്പണവും കുന്നു കൂടി കിടക്കുന്നത്. എണ്ണാൻ പറ്റാത്തത്ര കള്ളപ്പണം മറ്റ് രാജ്യങ്ങളിൽ കൊണ്ടിട്ടിരിക്കുന്നവരുടെ പേരു പുറത്തു പറയാൻ പോലും നമ്മെ ഭരിക്കുന്നവർക്ക് ത്രാണി ഇല്ലാതായിരിക്കുന്നു. ലിസ്റ്റിലുള്ള സ്വജനങ്ങളുടെ ബാഹുല്യമാകാം ഈ വിവരം നമ്മൾ കഴുതകളിൽ നിന്നും അവർ മറച്ച് വെയ്ക്കുന്നത്.

വർഗീയത
ഞാനിവിടെ പറയുന്ന വർഗീയത ഹിന്ദു വർഗീയത, മുസ്ലിം വർഗീയത എന്നിങ്ങനെയുള്ള, രാഷ്ട്രീയക്കാർ പറയുന്ന സംഭവമല്ല. വർഗീയത എന്ന വാക്കിന്റെ ശരിയായുള്ള അർഥം ആണ് ഞാനിവിടെ ഉദ്ദേശിച്ചത്. വർഗം എന്നാൽ ഒരു കൂട്ടം എന്ന് അർഥമാക്കാം, ഒരു കൂട്ടം ആളുകളുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കുന്ന എന്തിനേയും വർഗീയത എന്ന് വിളിക്കാം. ഒരാൾ ഞാൻ ഹിന്ദുവാണ് അല്ലെങ്കിൽ ഞാൻ മുസ്ലീമാണ് എന്ന് പറയുന്നതല്ലാ, മറിച്ച് ഒരു തെറ്റ് ചെയ്തവൻ സ്വന്തം വർഗത്തിൽ പെട്ടവനാണ് എന്നത് കൊണ്ട് അവനെ ന്യായീകരിക്കുന്നതാണ് വർഗീയത, തന്റെ വർഗത്തിൽ പെട്ടവന് അനധികൃതമായി സഹായം ചെയ്യുന്നതാണ് വർഗീയത. അങ്ങനെ നോക്കുമ്പോൾ ഇന്ത്യ മുഴുവൻ വർഗീയ വാദികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഞാനും നിങ്ങളുമൊക്കെ ചിലപ്പോഴെങ്കിലും വർഗീയ വാദികളാണ്.


ഇനിയും പലതുമുണ്ട് ഇല്ലേ .
കാലപ്പഴക്കം വന്ന നിയമ വ്യവസ്ഥ, നിയമ നിർമാണം നടത്തേണ്ട ഭരണാധിപന്മാരുടെ രഷ്ട്രീയ കളികൾ, നാടു ഭരിക്കാൻ വിവിധ സഭകളിലേക്ക് നാം തിരഞ്ഞെടുത്തയച്ച നേതാക്കന്മാർക്ക് ആ സഭകളിൽ ഇരിക്കാൻ സമയമില്ലാത്ത അവസ്ഥ. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മാടമ്പിത്തരം, പിന്നെ മറ്റെല്ലാത്തിനും നേരമുണ്ടായിട്ടും നാടിനു വേണ്ടി അല്പ സമയം മാറ്റി വെയ്ക്കാൻ സാധിക്കാത്ത നമ്മുടെ സ്വഭാവം!

ഇനിയുള്ളവ നിങ്ങൾ പറയൂ...

കുറിപ്പ് :
ഏകദേശം ഇരുനൂറിനു മുകളിൽ ഭാഷകളും അത്രയോളം തന്നെ ജാതി വിശ്വാസങ്ങളുമുള്ള ഒരു രാജ്യം വേറേ കാണില്ല. ഇങ്ങനെ ഉള്ള ഒരു നാടിനെ ഒന്നായി ഭരിച്ചുകൊണ്ട് പോകേണ്ടത് ശ്രമകരമായ ജോലി തന്നെയാണ്. പക്ഷേ ആരെങ്കിലും ഇതിനെ അത്രയും പ്രാധാന്യത്തോടെ കാണുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

ചില ആശയങ്ങൾക്കും അറിവുകൾക്കും കടപ്പാട് : അരുൺ ജോസ്, കണ്ണൂർ