Subscribe:

25 May 2011

ഹൂറേയ്... "ബിൽസിലാ ഹേ ബിൽസിലാ" വന്നേയ്...

നിമിഷങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യം നൽകികൊണ്ട്, നമ്മളെയെല്ലാം കാത്തിരിപ്പിന്റെ സുഖം കൊണ്ട് ആറാടിച്ച, ത്രീ കിങ്സിന്റെ, ഗാനങ്ങൾ പുറത്തിറങ്ങിയിരിക്കുന്നു!!! പണ്ട് അറിയിച്ചിരുന്നതു പോലെ തന്നെ മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ഗാനം - സിൽസിലാ ഹേയ് സിൽസിലായുടെ റീമേക്ക് ഗാനവും( ബിൽസിലാ ) ഇതിൽ ഉൾപ്പെടുന്നു.

സിൽസിലയുടെ റീമേക്ക് ഈ ചിത്രത്തിൽ ഉൾപ്പെടുത്തും എന്ന് കേട്ടപ്പോൾ തന്നെ കേരളത്തിലെ യുവ സമൂഹം ആനന്ദ ലഹരിയിലായിരുന്നു.

ഹരിശങ്കറിന്റെ സിൽസിലാ എന്ന ജനപ്രിയ ഗാനത്തിന്റെ ആകർഷണീയതയും,ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ റീമേക്ക് നിർമിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ബിൽസിലാ ഗാനത്തിന്റെ അണിയറ ശില്പികൾക്ക് ഏറ്റെടുക്കേണ്ടിയിരുന്നത്.

ദാ കേട്ട് നോക്കിക്കോളൂ ഈ ലോക ക്ലാസ്സിക്കുകൾ രണ്ടും.

 
1. ബിൽസിലാ..

2 സിൽസിലാ


വളരെ അധികം പണിപ്പെട്ടിട്ടാണെങ്കിലും അവർ അതിൽ ഏറെക്കുറേ വിജയിച്ചു എന്ന് തന്നെ പറയാം. ഔസേപ്പച്ചനാണ് ഈ പുതിയ ഗാനം അണിയിച്ചൊരുക്കിയത് എന്നാണ് അറിയാൻ കഴിഞ്ഞത്.

പഴയതിനെ കൂതറ എന്ന് പറയുകയും, ഹരിശങ്കറിന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുകയും ചെയ്ത മലയാളികൾക്ക് അതെല്ലാം തന്നെ ഒന്നുകൂടി ചെയ്യാനുള്ള അവസരമാണ് ഔസേപ്പച്ചൻ ഇപ്പോൾ നമുക്ക് തന്നിരിക്കുന്നത്. 

നമ്മുടെ പഴയ സണ്ണി ഡോക്ടർ പറയുന്നതു പോലെ പറയാനാണ് എനിയ്ക്ക് തോന്നുന്നത്.

തെറ്റി...
എനിയ്ക്ക് പാടേ തെറ്റി..
ഈ കേൾക്കുന്നതാണ് സിൽസിലാ റീ മേക്കെങ്കിൽ ഞാൻ ഹരിശങ്കറിനെ കുറ്റം പറയില്ലാ.
അങ്ങേരു വെറും പാവം!

ഇനി എനിക്ക് പറയാനുള്ളത് ഹരിശങ്കറിനോടാണ്.

ഇനി താങ്കൾ തൊപ്പി വെച്ച് മുഖം മറയ്ക്കേണ്ടാ,
തലയിൽ തുണിയിട്ട് നടക്കേണ്ടാ,
ഫോൺ അറ്റന്റ് ചെയ്യാൻ മടിക്കേണ്ടാ.

ഒരു മലയാളി എന്ന നിലയിൽ എനിക്ക് ഒന്നേ താങ്കളോടു പറയാനുള്ളൂ.
സമസ്താപരാധവും ക്ഷമിക്കുക.
25 വർഷത്തിനു മുകളിൽ പരിചയ സമ്പത്ത് ഉള്ള  ഔസേപ്പച്ചന് ഇങ്ങിനെ ചെയ്യാമെങ്കിൽ, ഒരു പുതുമുഖമായ താങ്കളുടെ ആദ്യ സംരംഭത്തിനെ തെറി പറഞ്ഞ് ഓടിച്ച ഞങ്ങൾ മലയാളികൾക്ക് വേണ്ടി ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു.
18 May 2011

ഉറിയേൽ തൂങ്ങുന്നവന്റെ പ* യേൽ തൂങ്ങുന്നവർ.


ക്ഷമിക്കണം, ഇതിലും സഭ്യമായി ഇവരെ വിളിക്കുവാൻ ഉള്ള പദ സമ്പത്ത് എനിക്കില്ലാ...കുട്ടനാട്ടിലെ നെല്ല് കൊയ്ത്ത് മെഷീൻ ഏജെന്റ്മാരുടെ   ---ഇല്ലാഴികയെ പറ്റിയാണ്  ഞാൻ പറഞ്ഞു വരുന്നത്.

ഇത്തവണ കൃഷി തുടങ്ങിയതു തന്നെ കാറ്റും മഴയും വെള്ളപ്പൊക്കവുമായിട്ടായിരുന്നു. വിതച്ച് ഏകദേശം ഒരു മാസത്തിനകം പലയിടത്തും പാടത്ത് വെള്ളം കയറി കൃഷി നശിച്ചിരുന്നു. പിന്നീട് കൃഷിവകുപ്പ് സൗജന്യമായി നൽകിയ 30 കിലോ വിത്തും സ്വന്തം ചിലവിൽ വാങ്ങിയ 20 കിലോ വിത്തും മറ്റുമായിട്ടാണ് രണ്ടാമത് കൃഷി തുടങ്ങിയത്. ഏക്കറിനു 30 കിലോ വിത്ത് സൗജന്യമായി കിട്ടിയെങ്കിലും വെള്ളം പറ്റിക്കുന്നതിനായി ഏക്കറിന് 500 രൂപ വീതം ഓരോ കൃഷിക്കാരനും പാടാശേഖര സമിതിക്ക് അധികമായി നൽകേണ്ടി വന്നിട്ടുണ്ട്.
ഇക്കാരണങ്ങൾ കൊണ്ട് സാധാരണ ഏപ്രിൽ മാസത്തിൽ നടക്കേണ്ട വിളവെടുപ്പാണ് രണ്ടു മാസം വൈകി ഇപ്പോൾ നടക്കുന്നത്. 

ഇനി കാര്യത്തിലേക്ക് കടക്കാം.

ഞങ്ങളുടെ പാടത്ത് കൊയ്ത്ത് മെഷീൻ വന്ന് തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം 5 വർഷമായി. മെഷീന് മണിക്കൂറിനാണ് വാടക നൽകേണ്ടത്. കഴിഞ്ഞ വർഷം 1600 ആയിരുന്ന വാടക ഇപ്പോൾ 2500 ആയി. കുഴപ്പമില്ലാ; ഈ സമയം കൊണ്ട് ഇന്ധന വിലയും ജീവിത ചിലവും കൂടിയിട്ടുണ്ട്. അതുകൊണ്ട് വാടക കൂടിയത് സഹിക്കാവുന്നതാണ്.
പക്ഷേ, ആദ്യ കാലങ്ങളിൽ ഒരു ഏക്കർ പാടം കൊയ്തെടുക്കാൻ 45 മിനിറ്റാണ് എടുത്തിരുന്നത്. കഴിഞ്ഞ വർഷമാകട്ടെ ആവറേജ് ഒരു മണിക്കൂർ സമയം കൊണ്ട് ഒരേക്കർ കൊയ്തിരുന്നു. കൂടാതെ ആവശ്യത്തിനു മെഷീനുകളും ഉണ്ടായിരുന്നു. പക്ഷേ ഈ വർഷം കർണാടകയിലും മറ്റും വിളവെടുപ്പ് സമയമായിരുന്നതിനാൽ മെഷീന്റെ എണ്ണം കുറവായിരുന്നു. ആദ്യം വന്നത് രണ്ടേ രണ്ട് മെഷീനുകളായിരുന്നു.
ഈ അവസരം മുതലാക്കി ഏജന്റുമാർ കൊള്ള നടത്തുകയായിരുന്നു ഇവിടെ. ഒരേക്കർ കൊയ്യാൻ മൂന്നും നാലും മണിക്കൂറാണെടുത്തത്. 4 ഏക്കർ കൊയ്യാൻ ഏകദേശം 50,000 രൂപയും ഒരേക്കറിന് 8,000 രൂപയും അര ഏക്കറിന് 7,000 രൂപയും ചിലവായവർ ഉണ്ട്. കഴിഞ്ഞ വർഷത്തെ ചിലവിന്റെ മൂന്നും നാലും ഇരട്ടിയാണ് ഈ ചിലവ്.
അര ഏക്കറിൽ താഴെ കൊയ്യാൻ 2 മണിക്കൂർ 45 മിനിറ്റ് എടുത്തു എന്ന് പറഞ്ഞ് കരയുന്ന കർഷകന്റെ മുഖമാണ് എന്റെ മനസിൽ ഇപ്പോഴും.
ഒരു കണക്ക് കൂട്ടൽ എടുത്ത് നോക്കാം.
4 പറ കണ്ടത്തിൽ ( 5 പറ ആണ് ഒരു ഏക്കർ. ) നിന്നും അദ്ദേഹത്തിന് ആകെ കിട്ടിയ നെല്ല് 7 ക്വിന്റൽ.
7 ക്വിന്റൽ നെല്ലിന്റെ വില ഏകദേശം 9800 രൂപ.
കൊയ്ത്ത് കൂലി 6875 രൂപ.
ചുമട്ട് കൂലി 420 രൂപ.
വെള്ളം പറ്റിച്ച വകയിൽ പാടാശേഖര സമിതിക്ക് നൽകാനുള്ളത് 250 രൂപ.
ബാക്കി 2255 രൂപ.
ഇതിൽ നിന്നും വിത്തിന്റെ വിലയും, വിതച്ചതിന്റെ കൂലിയും, വളത്തിന്റെ വിലയും, നടിച്ചിൽ കളപറി എന്നിവയുടെയും എല്ലാം ചിലവും കൂടി കിഴിച്ചാൽ തുക മൈനസ് ആകും. 

മെഷീന്റെ എന്തെങ്കിലും കുഴപ്പം കൊണ്ടാണ് ഇത്രയും സമയമെടുത്തതെന്ന് വിശ്വസിക്കുവാനും പറ്റില്ല. കാരണം, കൂടുതല് മെഷീനുകൾ വന്നപ്പോൾ ഇവയെല്ലാം സമയം മെച്ചപ്പെടുത്തുകയും ചെയ്തു.

കള്ള മാ..പൂ...താ... ഏജന്റുമാരേ,
ഒന്നൊർത്തോളൂ നെല്ല് എന്നാൽ ചോറാണ്. അത് സത്യമുള്ള മുതലാണ്. അതിൽ ഇത്തരം കള്ളം കാണിച്ചുണ്ടാക്കുന്ന കാശ് എറണാകുളം അമൃതയിൽ കൊണ്ടേ നിങ്ങൾ കളയൂ, ആലപ്പുഴ മെഡിക്കൽ കോളേജ് പറ്റാതെ വരും നോക്കിക്കോളൂ..

10 May 2011

ആശാസ്യവും അനാശാസ്യവും

ആശാസ്യം
അച്‌ഛന്റെ വഴിയേ ശ്രുതി ഹാസനും : മനോരമ വാർത്ത.
Universal Hero കമല ഹാസന്റെ മകളും അഭിനേത്രിയുമായ ശ്രുതി ഹാസനും സിനിമാ താരം സിദ്ധാർഥും ഒരുമിച്ച് ജീവിച്ച് പരസ്പരം അടുത്തറിഞ്ഞതിനു ശേഷം വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമത്രേ.. 
കമലഹാസനും സരിതയും അങ്ങനെ പരസ്പരം നന്നായി അറിഞ്ഞാണല്ലോ വിവാഹിതരായത്. ഇപ്പം പിന്നെ ഗൗതമിയെ വിവാഹം കഴിക്കണോ എന്ന് തീരുമാനിക്കാൻ വേണ്ടി അടുത്തറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. 
എത്ര മനോഹരമായ ആചാരങ്ങൾ!!!
വാർത്ത താഴെ.

അനാശാസ്യം.
കുറച്ച് കാലം മുൻപ്, എന്റെ ഒരു സുഹൃത്തിനെയും ഒരു പെൺ കുട്ടിയേയും സദാചാരത്തിന്റെ കാവൽ മാലാഖമാരായ കേരളത്തിലെ ചില കരപ്രാണികൾ പിടികൂടി. പെൺകുട്ടി അവന്റെ കൂടെ പഠിച്ചിറങ്ങിയതാണ്. അവരുടെ വീട്ടുകാർക്കും തമ്മിൽ തമ്മിൽ അറിയാം. അവർ ചെയ്ത കുറ്റം ഒരു കടയിൽ കയറി ജ്യൂസ് കുടിച്ചു! ( ഐസ്ക്രീമല്ല, വെറും ജ്യൂസ്. ഐസ്ക്രീം കഴിക്കുന്നതിൽ തെറ്റൊന്നുമില്ലാത്ത സമയമായിട്ടും അവർ വെറും ജ്യൂസ് മാത്രമാണ് കഴിച്ചത്.) എന്തായാലും അന്ന് അവനു കിട്ടിയ ഇടിക്കും നാണക്കേടിനും സദാചാരത്തെ വ്യഭിചരിക്കുന്ന ഇത്തരം നാറികൾ ഉത്തരം പറയേണ്ടി വരും, എന്നെങ്കിലും.

ഞാനൊരു കാര്യം മാത്രമേ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ,
നിയമം വെച്ച് നോക്കിയാൽ വിവാഹിതരാകാത്ത ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയുന്നതിലോ, ശാരീരികമായി ബന്ധപ്പെടുന്നതിലോ ഒരു തെറ്റും ഇല്ലാ. പക്ഷേ പണം കൊടുത്ത് ആ പണി ചെയ്യുന്നത് മാത്രമാണ് നിയമ വിരുദ്ധം.
അപ്പോൾ പിന്നെ ആ പാവം ചെറുക്കനേം പെണ്ണിനേം, അവരിനി ഒരു ഹോട്ടലിൽ റൂമെടുത്ത് എന്തെങ്കിലും ചെയ്താലും ചോദിക്കാൻ ഇവന്മാരൊക്കെ ആരാ??
ഇനി സദാചാരത്തിന്റെ പേരിലാണെങ്കിൽ, ഇവരൊന്നും പത്രം കാണുന്നില്ലേ?  ഇപ്പം ആണും പെണ്ണും വേണമെന്നില്ലാ, ആണും ആണും ആയാലും മതി സദാചാരം പോകാൻ..
ഇനി ഇറങ്ങെടാ, ഏതെങ്കിലും അപ്പനും മോനും കൂടി ഒരു ഹോട്ടലിൽ റൂമെടുത്താലും ചെന്ന് ഇറക്കി ഇടിയെടാ......

06 May 2011

ഭാരതത്തെ നമുക്ക് എങ്ങിനെ രക്ഷിക്കാം?

मेरा भारत महान 
ഇന്ത്യയുടെ മുൻപോട്ടുള്ള കുതിപ്പിന് വിലങ്ങ് തടി ആയ ചില കാരണങ്ങൾ എന്റെ കണ്ണിൽ.

1. അറിവില്ലായ്മ അഥവാ അറിയേണ്ടവ അറിയാതെ പോകുന്നത്
2. ധാർമികത നഷ്ടമായ രാഷ്ട്രീയം
3. അഴിമതി , കള്ളപ്പണം
4. വർഗീയത.

അറിവില്ലായ്മ അഥവാ അറിയേണ്ടവ അറിയാതെ പോകുന്നത് 
ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 65 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിലാണ് എന്നാണ് വെയ്പ്പ്. എന്നാൽ രാജ്യത്തുള്ളവരെല്ലാം സ്വന്തം പേര് എഴുതാൻ പഠിക്കുന്നതോ ഒരു ദിനഃപത്രം വായിക്കാൻ പഠിക്കുന്നതോ ആണോ സാക്ഷരത? സാക്ഷരരാണ് എന്ന് സ്വയം വിശ്വസിക്കുന്ന ഞാനും നിങ്ങളുമെല്ലാം അറിയേണ്ട പല കാര്യങ്ങളും അറിയാതെ പോകുന്നുണ്ട്.
വികസിത രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ അവകാശങ്ങളെയും കടമകളെയും പറ്റിയുള്ള അറിവിന്റെ നാലിലൊന്ന് നമുക്കുണ്ടായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാകുമായിരുന്നില്ല.
ഒരു ബസിൽ കയറി 50 പൈസ ബാക്കി കിട്ടാനുണ്ടെങ്കിൽ ചോദിക്കാതെ ഇറങ്ങി പോരും. ആളെ കയറ്റാതെ ബസ് പോയാൽ അടുത്ത വണ്ടി നോക്കി നിൽക്കും. കടയിൽ കയറി ഒരു സാധനത്തിന് MRP-യിൽ അധികം വില പറഞ്ഞാലും നമ്മൾ ഒന്നുകിൽ അത് വാങ്ങും അല്ലെങ്കിൽ വാങ്ങാതെ പോരും. യാത്രക്കിടയിലോ, വഴിയിലോ ഒരു മദ്യപാനി ശല്യമുണ്ടാക്കിയാലും നമ്മൾ അവിടെ നിന്ന് മുങ്ങും. യാത്ര മുടക്കിക്കൊണ്ട് റോഡിലൂടെ ഒരു ജാഥ പോയാലും നമ്മൾ ഒന്നും ചെയ്യില്ല. ഇങ്ങിനെ എത്ര എത്ര കാര്യങ്ങൾ നാം ഓരോ ദിവസവും കാണുന്നു.
നമ്മുടെ അവകാശങ്ങളെ പറ്റി നാം ബോധവാന്മാരായിരുന്നെങ്കിൽ തന്നെ ഇന്ന് ഈ നാട്ടിൽ നടക്കുന്ന ചൂഷണങ്ങൾ പകുതി ആകുമായിരുന്നു.
പരിഹാരം. 
1. ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഉള്ള  അവകാശങ്ങളെയും കടമകളെയും പറ്റി പുതിയ തലമുറയെ എങ്കിലും ബോധവാന്മാരാക്കുക. സ്കൂൾ തലത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ നാം നമ്മുടെ കുട്ടികളെ എങ്കിലും പഠിപ്പിക്ക്ക്കേണ്ടതുണ്ട്.
2. കൺമുന്നിൽ എന്ത് കൊള്ളരുതായ്മ കണ്ടാലും പ്രതികരിക്കാതിരിക്കുന്ന സ്വഭാവം മാറ്റുക. ശക്തമായി, പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിക്കുക. ഓർക്കുക പോലീസും മറ്റ് ഉദ്യോഗസ്ഥരും നമ്മെ സഹായിക്കുന്നതിനു വേണ്ടിയാണ് ശമ്പളം വാങ്ങുന്നത്. അവരുടെ സഹായം നമ്മുടെ അവകാശമാണ്. വേണ്ട സമയം അത് നേടിയെടുക്കുക. കുറച്ച് ബുദ്ധിമുട്ടിയാലും അത് നമ്മുടെ നാടിനു വേണ്ടി ആണെന്ന് ഓർക്കുക.

ധാർമികത നഷ്ടമായ രാഷ്ട്രീയം 
അധികാര രാഷ്ട്രീയം അതിന്റെ ഏറ്റവും വൃത്തികെട്ട അവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യയിൽ നാടകം കളിക്കുന്നത്. പണവും പവറും ആണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. തങ്ങളുടെ മന്ത്രി സഭയെ താങ്ങി നിർത്താൻ ഓരോ പാർടികളും കോടി കളാണ് കോഴയായും മറ്റും ചിലവാക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി രാഷ്ട്രീയ പാർടികൾക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉപദേശിക്കാൻ ഉള്ള പല ഏജൻസികളും പിറവിയെടുത്തിട്ടുണ്ട്. പേയ്‌ഡ് ന്യൂസ് എന്നു വിളിപ്പേരുള്ള, പണം കൊടുത്ത് മാധ്യമങ്ങളെ കൂടെ നിർത്തുന്നതു പോലുള്ള നാലാം തരം പണികളാണ് എല്ലാ പാർടികളും ചെയ്യുന്നത്. സ്വന്തം പാർടിയുടെ ഭരണ നേട്ടത്തേക്കാൾ എതിർ പാർടിയുടെ കൊള്ളരുതായ്മയും അഴിമതിയും പിന്നെ അവരുടെ നേതാക്കന്മാരുടെ വ്യക്തിപരമായ കാര്യങ്ങളും തന്നെയാണ് എല്ലാ തിരഞ്ഞെടുപ്പ് സമയത്തും എല്ലാ പാർടികളും പാടി നടക്കുന്നത്. പിന്നെ ഏറ്റവും ചിലവുള്ള രാഷ്ട്രീയ തന്ത്രമായ വർഗീയതയും കൂടി ആകുമ്പോൾ ജയ സാധ്യത കൂടും. ജയിക്കാനുള്ള ഈ ആവേശം രാജ്യത്തെ സേവിക്കുകയല്ലാ, സ്വന്തം കീശ നിറക്കുകയാണെന്ന് ആർക്കാണ് അറിയാത്തത്?

അഴിമതി
അഴിമതിയിൽ ഇന്ത്യ ഇപ്പോൾ 64-ആം സ്ഥാനത്തുണ്ട്. 2009-ൽ ഇത് 87 ആയിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അങ്ങിനെയെങ്കിൽ ഒന്നാം സ്ഥാനം അടിച്ചെടുക്കാൻ ഇനി ഒരു  അഞ്ചോ ആറോ വർഷം കൂടി കാത്തിരുന്നാൽ മതി. ചിലപ്പോൾ അത്രയും സമയം വേണ്ടി വരില്ലായിരിക്കാം. അഴിമതി ഇങ്ങ് താഴേ തട്ടിൽ നിന്ന് തുടങ്ങി ഇപ്പോൾ കോടതിയിൽ വരെ എത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. എന്തായാലും ഈയൊരു കാര്യത്തിൽ നമ്മൾ ജാതി,മത,വർണ്ണ,വർഗ്ഗ,ലിംഗ,രാഷ്ട്രീയ ഭേദമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ട് കുതിക്കുകയാണ്. അഴിമതിയും കള്ളപ്പണവും പരസ്പര പൂരകങ്ങളായിട്ടാണ് വർത്തിക്കുന്നത്. ഈ അഴിമതി പണവും, കള്ളപ്പണവും കണ്ടുകെട്ടിയാൽ തന്നെ ഇന്ത്യ ഒരു വൻ സാമ്പത്തിക ശക്തി ആയിത്തീരും. പട്ടിണി കിടന്നും, പോഷകാഹാരം കിട്ടാതെയും, ചികിത്സ കിട്ടാതെയും ആയിരങ്ങൾ മരിച്ചു വീഴുന്ന നാട്ടിലാണ് ഇത്രയും കള്ളപ്പണവും കുന്നു കൂടി കിടക്കുന്നത്. എണ്ണാൻ പറ്റാത്തത്ര കള്ളപ്പണം മറ്റ് രാജ്യങ്ങളിൽ കൊണ്ടിട്ടിരിക്കുന്നവരുടെ പേരു പുറത്തു പറയാൻ പോലും നമ്മെ ഭരിക്കുന്നവർക്ക് ത്രാണി ഇല്ലാതായിരിക്കുന്നു. ലിസ്റ്റിലുള്ള സ്വജനങ്ങളുടെ ബാഹുല്യമാകാം ഈ വിവരം നമ്മൾ കഴുതകളിൽ നിന്നും അവർ മറച്ച് വെയ്ക്കുന്നത്.

വർഗീയത
ഞാനിവിടെ പറയുന്ന വർഗീയത ഹിന്ദു വർഗീയത, മുസ്ലിം വർഗീയത എന്നിങ്ങനെയുള്ള, രാഷ്ട്രീയക്കാർ പറയുന്ന സംഭവമല്ല. വർഗീയത എന്ന വാക്കിന്റെ ശരിയായുള്ള അർഥം ആണ് ഞാനിവിടെ ഉദ്ദേശിച്ചത്. വർഗം എന്നാൽ ഒരു കൂട്ടം എന്ന് അർഥമാക്കാം, ഒരു കൂട്ടം ആളുകളുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കുന്ന എന്തിനേയും വർഗീയത എന്ന് വിളിക്കാം. ഒരാൾ ഞാൻ ഹിന്ദുവാണ് അല്ലെങ്കിൽ ഞാൻ മുസ്ലീമാണ് എന്ന് പറയുന്നതല്ലാ, മറിച്ച് ഒരു തെറ്റ് ചെയ്തവൻ സ്വന്തം വർഗത്തിൽ പെട്ടവനാണ് എന്നത് കൊണ്ട് അവനെ ന്യായീകരിക്കുന്നതാണ് വർഗീയത, തന്റെ വർഗത്തിൽ പെട്ടവന് അനധികൃതമായി സഹായം ചെയ്യുന്നതാണ് വർഗീയത. അങ്ങനെ നോക്കുമ്പോൾ ഇന്ത്യ മുഴുവൻ വർഗീയ വാദികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഞാനും നിങ്ങളുമൊക്കെ ചിലപ്പോഴെങ്കിലും വർഗീയ വാദികളാണ്.


ഇനിയും പലതുമുണ്ട് ഇല്ലേ .
കാലപ്പഴക്കം വന്ന നിയമ വ്യവസ്ഥ, നിയമ നിർമാണം നടത്തേണ്ട ഭരണാധിപന്മാരുടെ രഷ്ട്രീയ കളികൾ, നാടു ഭരിക്കാൻ വിവിധ സഭകളിലേക്ക് നാം തിരഞ്ഞെടുത്തയച്ച നേതാക്കന്മാർക്ക് ആ സഭകളിൽ ഇരിക്കാൻ സമയമില്ലാത്ത അവസ്ഥ. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മാടമ്പിത്തരം, പിന്നെ മറ്റെല്ലാത്തിനും നേരമുണ്ടായിട്ടും നാടിനു വേണ്ടി അല്പ സമയം മാറ്റി വെയ്ക്കാൻ സാധിക്കാത്ത നമ്മുടെ സ്വഭാവം!

ഇനിയുള്ളവ നിങ്ങൾ പറയൂ...

കുറിപ്പ് :
ഏകദേശം ഇരുനൂറിനു മുകളിൽ ഭാഷകളും അത്രയോളം തന്നെ ജാതി വിശ്വാസങ്ങളുമുള്ള ഒരു രാജ്യം വേറേ കാണില്ല. ഇങ്ങനെ ഉള്ള ഒരു നാടിനെ ഒന്നായി ഭരിച്ചുകൊണ്ട് പോകേണ്ടത് ശ്രമകരമായ ജോലി തന്നെയാണ്. പക്ഷേ ആരെങ്കിലും ഇതിനെ അത്രയും പ്രാധാന്യത്തോടെ കാണുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

ചില ആശയങ്ങൾക്കും അറിവുകൾക്കും കടപ്പാട് : അരുൺ ജോസ്, കണ്ണൂർ

04 May 2011

തള്ളേ കലിപ്പ്കള് തീരണില്ലേ ?? ഈ പൺഡിറ്റിന്റെ ഒരു കാര്യം...

നമ്മുടെ പൺഡിറ്റിനെ ആരോ തല്ലിക്കൊന്നെന്ന് കരുതി ഇരിക്കുമ്പോളാണ് ദേ ഇന്നൊരു മെയിൽ.

പൺഡിറ്റിന്റെ പടത്തിന്റെ കുറച്ച് ഫോട്ടോസും പിന്നെ ഒരു പഹയൻ ഫോണിലൂടെ എടുത്ത ഒരു ഇന്റെർവ്യൂവും.

ദാ കണ്ടോ...

ആദ്യം  ഇന്റെർവ്യു. (ശബ്ദം മാത്രമേ ഉള്ളൂ, 2 പാർട്ടുകൾ)
ഇനി ഫോട്ടോകൾ..
01 May 2011

എൻഡോസൾഫാൻ നിരോധിച്ചോ??

                  കഴിഞ്ഞ രണ്ട് മാസമായി കേരളത്തിലെ മാധ്യമങ്ങളെല്ലാം തന്നെ ഒറ്റ കെട്ടോടെ റിപ്പോർട്ട് ചെയ്ത വിഷയമാണ്  എൻഡോസൾഫാൻ നിരോധനം. കേരളത്തിലെ ഇടത് വലത് പാർടികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് പരസ്പരം കുറ്റപ്പെടുത്തിയെങ്കിലും രണ്ടു പേരുടെയും ആവശ്യം എൻഡോസൾഫാൻ നിരോധിക്കുക എന്നത് തന്നെയായിരുന്നു.
കേന്ദ്രനിലപാട് ആദ്യം എൻഡോസൾഫാന് അനുകൂലമായിരുന്നെങ്കിലും ജെനീവയിൽ നടന്ന സ്റ്റോക്ക്ഹോം കൺവെൻഷനിൽ മറ്റു രാജ്യങ്ങളുടെ സമ്മർദം ഭയന്ന് അവസാനം എൻഡോസൾഫാൻ നിരോധിക്കുന്നതിനെ അനുകൂലിച്ചെങ്കിലും പത്ത് പതിനൊന്ന് വർഷത്തേക്ക് എൻഡോസൾഫാൻ ഉപയോഗിക്കുവാനുള്ള അനുമതി ഇന്ത്യ നേടിയെടുത്തു.
കേരളത്തിൽ നടന്ന ഹർത്താലും,ഒപ്പ് ശേഖരണവും,നെറ്റ്വർക്കിങ്ങ് മീഡിയകളിലൂടെയുള്ള പ്രചാരണവും ഫലം കണ്ടെന്ന് തന്നെയാണെല്ലാവരും കരുതുന്നത്. പക്ഷേ ഒരു പൂർണ നിരോധനം വരണമെങ്കിൽ കുറഞ്ഞത് 11 വർഷമെടുക്കും എന്നത് തന്നെയാണ് സത്യം.

എൻഡോസൾഫാൻ നിരോധനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു പക്ഷേ മറ്റ് ചില കാര്യങ്ങൾ കൂടി എനിക്ക് ഇവിടെ പറയുവാനുണ്ട്.

  •            കാസർകോടും, കർണാടകയിലെയും തമിഴ്‌നാട്ടിലേയും ചില പ്രദേശങ്ങളിലും മാത്രമാണ് ഇത്രയും വലിയ രീതിയിൽ എൻഡോസൾഫാൻ ദോഷകരമായി ബാധിച്ചിരിക്കുന്നത്. കാസർകോട് സംഭവിച്ചത് ഹെലികോപ്റ്റർ വഴി മരുന്നടിച്ചത് മൂലമുള്ള അപകടമാണ്. ജനവാസം കൂടുതലുള്ള സ്ഥലത്ത് എൻഡോസൾഫാൻ മാത്രമല്ല, ഇതുപോലെയുള്ള ഏത് കീടനാശിനി ഇതേ പ്രകാരം തളിച്ചാലും അപകടം ഉണ്ടാകുവാൻ സാധ്യത ഉണ്ട്.
  •            എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യ ആണ്. വർഷം 9,000 ടൺ ആണ് ഉൽപാദനം. ഇതിൽ പകുതിയും ഇന്ത്യയിൽ തന്നെ ഉപയോഗിക്കുന്നു ബാക്കി കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. എൻഡോസൾഫാൻ നിരോധിച്ചാൽ സ്ഥിരമായ ഒരു വരുമാനമാണ് ഇന്ത്യക്ക് നഷ്ടപ്പെടാൻ പോകുന്നത്.
  •           എൻഡോസൾഫാൻ വിഷമാണെങ്കിൽ തന്നെ അത് നിരോധിച്ചു കഴിഞ്ഞാലുള്ള കാര്യം ആരും പറഞ്ഞ് കേൾക്കുന്നില്ല. ഇതിനു പകരം വെയ്ക്കാൻ കുറഞ്ഞ ചിലവിൽ മറ്റൊരു കീടനാശിനി കിട്ടാനില്ല എന്നതാണ് സത്യം.
  •           പകരം ഫലപ്രദമായ ഒരു കീടനാശിനി നൽകാതെ എൻഡോസൾഫാൻ നിരോധിച്ചാൽ ഇപ്പോൾ തന്നെ ഇന്ത്യയിൽ അതി രൂക്ഷമായ വിലക്കയറ്റം ഇതിലും ഭയാനകമായ അവസ്ഥയിലേക്ക് പോകും എന്നത് സത്യമാണ്.
  •           എൻഡോസൾഫാൻ നിരോധിച്ചാൽ ഇതുവരെ അപകടമൊന്നും റിപ്പോർട്ട് ചെയ്യാത്ത മറ്റ് സംസ്ഥാനങ്ങളിലെ കൃഷിക്കാരിൽ നിന്നും കടുത്ത വിമർശനം നേരിടെണ്ടിവരും എന്നതിനാലാകും കേന്ദ്രം ആദ്യം എൻഡോസൾഫാൻ അനുകൂലമായ ഒരു നിലപാടെടുത്തത്.


എൻഡോസൾഫാൻ വിഷമാണ്, അത് പൂർണമായും നിരോധിച്ചേ തീരൂ, പക്ഷേ
കുറഞ്ഞ ചിലവിൽ എൻഡോസൾഫാനു പകരം വെയ്ക്കാവുന്ന ഒരു കീടനാശിനി കണ്ടുപിടിക്കുക എന്നത് ഇന്ത്യയുടെ നിലനില്പിന്റെ പ്രശ്നമാണ്.

ഡി.ഡി.റ്റി ഇതുപോലെ തന്നെ സ്റ്റോക്ക്ഹോം കൺവെൻഷനിൽ നിരോധിച്ചതാണെങ്കിലും ഇപ്പോൾ ഇന്ത്യയിൽ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. എൻഡോസൾഫാനും ഇതേ ഗതി തന്നെ ആകാതിരിക്കട്ടെ.