Subscribe:

22 March 2011

ദൈവത്തിന്റെ നെറ്റ്വർക്ക് മാർക്കെറ്റിങ്ങ് (ഭീഷണി മാർക്കെറ്റിങ്ങും)

ഈ കോർപറേറ്റ് യുഗത്തിൽ പബ്ലിസിറ്റി ഇല്ലാതെ ഒന്നിനും അധികകാലം നിലനില്പ്പില്ലല്ലോ? സിനിമയുടെ കാര്യത്തിൽ തന്നെ ആണെങ്കിൽ പണ്ടൊക്കെ ഒരു സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞാൽ കാണുന്ന മതിലിലെല്ലാം പോസ്റ്ററൊട്ടിക്കണം, പത്രത്തിൽ പരസ്യം കൊടുക്കണം പിന്നെ ദൈവം സഹായിച്ച് പടം 100 ദിവസം ഓടിയാൾ വീണ്ടും കുറച്ച് ഫോട്ടോ എടുത്ത് പോസ്റ്റർ അടിക്കണം. പരിപാടി തീർന്നു. പക്ഷെ ഇപ്പോളോ, ഷൂട്ടിങ്ങ് കഴിഞ്ഞാലുടൻ പ്രമോഷൻ പരിപാടികൾ, മൽസരങ്ങൾ, വെബ് സൈറ്റ്, ഓഡിയോ റിലീസ്,അഭിമുഖങ്ങൾ, റ്റ്വിറ്റർ ആഘോഷം, ഫിലിം പെട്ടിക്ക് ഫാൻസ് വക സ്വീകരണം, ചെണ്ട മേളം എന്നു വേണ്ട ആകെ ഒരു ബഹളം.
എല്ലാം ഇങ്ങിനെയൊക്കെ ആകുമ്പോൾ പാവം ദൈവം തമ്പുരാന്റെ കാര്യം എന്തു ചെയ്യും? പുള്ളിക്കാണെങ്കിൽ ചാനലില്ല, ഫാൻസ് അസോസിയേഷനില്ല, റ്റ്വിറ്റെർ അക്കൗണ്ട് ഇല്ല, ബ്ലോഗുമില്ല. പിന്നെ ആകെയുള്ളത് കുറച്ച് അമ്പലങ്ങളും പള്ളികളും ഒക്കെയാണ്‌. പുതിയ തലമുറയിലെ പിള്ളേരെ വലവീശാൻ ഇതൊന്നും പോരല്ലോ. പിന്നെ കുറച്ച് സംഘടനകളുള്ളത് നമ്മുടെ ആളെ സ്ഥാനാർത്ഥി ആക്കണം എന്നു പറഞ്ഞ് പാർടികളുടെ പുറകെയാണ്‌. അപ്പം പിന്നെ എന്തു ചെയ്യും സ്വന്തം ഇമേജ് കാക്കാൻ ദൈവം തുനിഞ്ഞിറങ്ങിയല്ലേ പറ്റൂ.
പുള്ളി ഇറങ്ങുകയും ചെയ്തെന്ന്! ദൈവമാരാ മോൻ പുള്ളി നേരേ നെറ്റ്വർക്ക് മാർക്കെറ്റിങ്ങിലേക്കല്ലേ ഇറങ്ങിയത്.എത്ര എത്ര ഇമെയിലാണെനിക്ക് വരുന്നതെന്നോ? പിന്നെ പുള്ളീടെ മെയിലിന്‌ എല്ലാം ഒരു ഫോർമാറ്റ് ഉണ്ടാകും ദാ ഇങ്ങനെ.
  1. ദൈവത്തിന്റെ കുറച്ച് അൽഫുത പ്രവർത്തികളുടെ ദൃക്‌‍സാക്ഷി വിവരണം ആദ്യ പാരഗ്രാഫ്.
  2. ഈ മെയിൽ ഫോർവേഡ് ചെയ്താൽ നിങ്ങൾക്കുണ്ടാകാൻ പോകുന്ന അമൂല്യ സൗഭാഗ്യങ്ങളുടെ ലിസ്റ്റ് + ഇങ്ങനെ സൗഭഗ്യം നേടിയ കുറച്ചു പേരുടെ അനുഭവങ്ങൾ.
  3. ഈ മെയിൽ ഡിലീറ്റ് ചെയ്തിട്ട് ആകാശമിടിഞ്ഞ് തലയിൽ വീണ്‌ പിടലി ഒടിഞ്ഞവരുടെ കഥ.
ഈ ദൈവത്തിന്റെ ഒരു പുത്തി! പുള്ളിക്ക് എങ്ങനെയൊക്കെ ഹിറ്റ് കിട്ടുമെന്നറിയുമോ?
  1. അൽഭുതം സ്തുതിച്ച് ഫോർവേഡ് ചെയ്യുന്നവര്‌
  2. എന്തൊക്കെയോ കിട്ടുമെന്ന് കരുതി ഫോർവേഡുന്നവർ.
  3. പിടലി പോയലോ എന്നു കരുതി ചെയ്യുന്നവർ.
ആകെ മുഴുവൻ ഫോർവേഡോട് ഫോർവേഡ്.
സമ്മതിച്ചു ദൈവമേ നിങ്ങള്‌ പുലിയാണു കേട്ടോ.

This Marketing idea is protected under the copyright Act. Property of of G O D !!

2 അഭിപ്രായങ്ങൾ:

Lipiranju said...

ഹി ഹി നല്ല പോസ്റ്റ്‌. ഇത്തരം ഫോർവേഡ് മെയില്‍സ് ഒരുപാട് വരാറുണ്ട്.
ഈ മെയില്‍സ് ഒന്നും ഞാനും ഫോർവേഡ് ചെയ്യാറില്ല, പക്ഷെ ചെറിയ അന്ധവിശ്വാസമോ പേടിയോ ഒക്കെ ഉള്ളത് കൊണ്ടാവും അതൊന്നും ഡിലീറ്റ്
ചെയ്യാറും ഇല്ല. അപ്പോള്‍ ഗുണവും ഇല്ല ദോഷവും ഇല്ല......
(കഷ്ട്ടം! എനിക്കിപ്പോ എന്നോട് തന്നെ സഹതാപം തോന്നുന്നു. എന്ന് വച്ച്
ഞാന്‍ ഇന്നു തന്നെ അതൊക്കെ ഡിലീറ്റ് ചെയ്യും എന്ന് തെറ്റിദ്ധരിച്ചോ?
ഇല്ലന്നെ ... ഈ രാഷ്ട്രീയക്കാരെയൊക്കെ സഹിക്കുന്ന നമ്മള്‍, പാവം ദൈവത്തിനെ ഇത്രയെങ്കിലും സഹിക്കണ്ടെ ? )

sreepathi said...

ഇതുപോലുള്ള മെയിൽ ഒന്നും ഫോർവേഡ് ചെയ്യേണ്ടാ കേട്ടോ.
ഇതിലൊക്കെ മെയിൽ ഐ ഡി മോഷ്ടിക്കുന്ന ചില സ്ക്രിപ്റ്റ് ഉണ്ടാകാൻ സാധ്യത  ഉണ്ടെന്നാണു പറയുന്നത്.

Post a Comment