Subscribe:

14 March 2011

മാംഗല്യം തന്തുനാനേന മമ ജീവന ഹേതുന...


ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവളുടെ അഛനമ്മമാരുടെ മനസിൽ ഒരായിരം കണക്കു കൂട്ടലുകളും പ്രതീക്ഷകളും ഭയങ്ങളും ഉടലെടുത്തു കഴിയും.ഏറ്റവും ആദ്യം അവരുടെ മനസിൽ വരുന്നത് അവളുടെ പഠനത്തെയും വിവാഹത്തെയും പറ്റിയുള്ള ചിന്തകളായിരിക്കും.
ഇന്നത്തെ കാലത്ത് ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ നട്ടെല്ലൊടിക്കുന്ന ഒരു മഹാ സംഭവമാണ്‌ ഒരു പെൺകുട്ടിയുടെ വിവാഹം. കുട്ടി ജനിക്കുന്ന ദിവസം മുതൽ അദ്ധ്വാനിച്ചും പിശുക്കിയും കൂട്ടിവെയ്ക്കുന്ന മുഴുവൻ സമ്പാദ്യവും ചിലവിട്ട്, ഇനി വരുന്ന കാലം മുഴുവൻ അദ്ധ്വാനിച്ച് വീട്ടേണ്ട കടങ്ങളും വരുത്തിവെച്ച് സന്തോഷത്തോടെ അവർ അതു മംഗളമായിത്തന്നെ നടത്തും. ഇതിനിടയിൽ ഉണ്ടാകുന്ന ടെൻഷൻ വേറെ. പക്ഷെ ഇതൊക്കെയല്ലേ ഒരു മനുഷ്യ ജന്മത്തിൽ ഒരു അഛനും അമ്മക്കും കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷവും?
വീട്ടിൽ ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞാൽ അന്നു രാത്രി കിടന്നുറങ്ങുമ്പോൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത സുഖ നിദ്രയായിരിക്കും മാതാപിതാക്കൾ അനുഭവിക്കുക.
ഒരു മകൻ അല്ലെങ്കിൽ മകൾ എന്ന നിലയിൽ നമുക്കു നമ്മുടെ അഛനമ്മമാർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണിത്.
പക്ഷെ നമ്മുടെ നാട്ടിൽ മാതാപിതാക്കളെ എതിർത്തുകൊണ്ടുള്ള വിവാഹങ്ങൾ കൂടുകയണ്‌. മക്കളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അഛനമ്മമാരും കുറച്ചൊക്കെ വിവേകം കാട്ടണം. എനിക്കു തോന്നുന്നത് കൂടുതലും മിശ്ര വിവാഹങ്ങളാണിങ്ങനെ നടക്കുന്നതെന്നണ്‌.ജാതി, മതം ഇതൊക്കെ ഇന്നത്തെ കാലത്ത് അത്രയങ്ങ് നോക്കണോ? നിങ്ങളിതു കണ്ടിരുന്നോ?
നമ്മുടെ ജഗതി ശ്രീകുമാറിന്റെ മകളുടെ കല്യാണം.ചെറുക്കൻ ആരാണെന്നറിയില്ലെ, പി.സി. ജോർജിന്റെ മകൻ.കല്യാണം പള്ളിയിൽ വെച്ചായിരുന്നു. രണ്ടു വീട്ടുകാരും കല്യാണത്തിനുണ്ടായിരുന്നു. പെണ്ണു മതം മാറി എന്നതു സത്യം. പക്ഷെ കുടുംബാംഗങ്ങൾ എല്ലാവരും കല്യാണത്തിൽ പങ്കെടുത്തു.
മകനോ മകളോ ഒരു സ്നേഹ ബന്ധത്തിലാണ്‌ എന്നറിഞ്ഞാലുടൻ അതു തകർക്കാനും മകളെ ജയിലിലിടാനും നോക്കതെ അത് ഒരു നല്ല ബന്ധമാണെങ്കിൽ വേണ്ട സമയത്ത് ആ വിവാഹം നടത്തി കൊടുക്കാമെന്നൊരു തീരുമാനമെടുത്താൽ എന്തു സംഭവിക്കാനണ്‌? മറിച്ച് അതൊരു ചീത്ത ബന്ധമാണെങ്കിൽ എന്തുകൊണ്ട് അത് പാടില്ല എന്ന് അവരെ പറഞ്ഞു മനസിലാക്കാൻ ഉള്ള കടമ മാതാപിതാക്കൾക്ക് തീർച്ചയായും ഉണ്ട്.
ഇതല്ലാതെയും വേറേ പല കാരണങ്ങളും ഇങ്ങനെയുള്ള വിവാഹത്തിന്‌ ഉണ്ടാകാം. എങ്കിലും കഴിവതും ഇത്തരം കടന്ന കൈകൾ ഒഴിവാക്കി എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഉള്ള വിവാഹങ്ങളല്ലേ ഏറ്റവും നല്ലത്.

പിന്നെ,ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങക്ക് ഇങ്ങനെ ചെയ്യേണ്ടി വരും എന്നുള്ളവർക്ക് എന്നുള്ളവർക്ക് ഒരു ചെറിയ സഹായം.

രണ്ടുപേരും ഹിന്ദു മതത്തിൽ പെട്ടവരാണെങ്കിൽ ഹിന്ദു മാര്യേജ് ആക്റ്റ് പ്രകാരം ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാം.
രണ്ടു പേരുടെയും ഐ.ഡി. പ്രൂഫും വയസ് തെളിയിക്കുന്ന രേഖയും ക്ഷേത്രത്തിൽ ഹാജരാക്കണ്ടി വരും.

മിശ്ര വിവാഹമാണെങ്കിൽ നിങ്ങൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ അഖില ഭാരത കാമുക നിയമമായ 1954 - ലെ Special Marriage Act ആണ്‌ പ്രയോഗിക്കേണ്ടത്.

ഇത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കരാർ ആണ്‌.

ആർക്കൊക്കെ ഈ നിയമം വഴി വിവാഹിതരാകാം?

1. ജമ്മുവിലും കാഷ്മീരിലും ഒഴികെ വേറെ എവിടെയും സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരായ പുരുഷനും സ്ത്രീയ്ക്കും ഈ നിയമം വഴി വിവാഹിതരാകം.
2. ഈ നിയമം വഴി വിവാഹിതരാകാൻ ശ്രമിക്കുന്ന ആർക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകാൻ പാടില്ല.
3. രണ്ടു പേരിൽ ആരും സ്വന്തമായി തീരുമാനം എടുക്കാൻ പറ്റാത്തവണ്ണം മാനസികമായി അസുഖം ഉള്ളവർ ആകരുത്.
4. വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയം വരന്‌ 21 വയസും വധുവിന്‌ 18 വയസും തികഞ്ഞിരിക്കണം.
5. വധുവും വരനും വിവാഹം ചെയ്യാൻ പാടില്ലാത്തയത്രയും അടുത്ത ബന്ധം ഉള്ളവരാകാൻ പാടില്ല.


എങ്ങിനെ, എവിടെയാണ്‌ അപേക്ഷിക്കേണ്ടത്?

വരനും വധുവും 3 സാക്ഷികളുമായി വരന്റെയോ വധുവിന്റെയോ ജില്ലയിലുള്ള marriage officer-ഉടെ ഒഫീസിൽ എത്തി 3 രൂപ വിലയുള്ള നിശ്ചിത ഫോം പൂരിപ്പിച്ച് നൽകുക.
തുടർന്ന് 30 ദിവസം ഈ ഓഫീസിന്റെ നോട്ടീസ് ബോർഡിൽ ഒരു നോട്ടീസ് പ്രസിദ്ധീകരിക്കും.( എല്ലാവരെയും കാണേണ്ട പോലെ കണ്ടാൽ വേറേ ഏതെങ്കിലും നോട്ടീസ് നമ്മുടേ നോട്ടീസിനു മുകളിൽ അപ്പോൾ തന്നെ പതിപ്പിക്കാം.)
നിശ്ചിത 30 ദിവസത്തിനഉള്ളിൽ ആരും ഒബ്ജക്ഷനുമായി എത്തിയില്ലെങ്കിൽ അതിനു ശേഷം മേൽ പറഞ്ഞ 3 സാക്ഷികളുമായി ചെന്ന് വധൂവരന്മാർ രെജിസ്റ്റെറിൽ സൈൻ ചെയ്യെണ്ടതാണ്‌. ഇതിനായി ചെല്ലുമ്പോൾ 10 രൂപയുടെ സ്റ്റാമ്പ് പേപ്പറും കരുതണം.
നേരത്തേ പറഞ്ഞതുപോലെ കാണണ്ടതു പോലെ കണ്ടാൽ അന്നു തന്നെ വിവാഹ സർട്ടിഫിക്കറ്റുമായി സന്തോഷത്തോടെ മടങ്ങാം.

കൂടുതൽ വിവരങ്ങൾ കേരള സർക്കാരിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്‌.

ഫോമിന്റെ 3 രൂപയും മുദ്ര പത്രത്തിന്റെ 10 രൂപയും കൂട്ടി ആകെ ചിലവ് 13 രൂപയെ ഉള്ളെങ്കിലും കുറഞ്ഞത് ഒരു 1000 രൂപ എങ്കിലും കൈയിൽ കരുതിയാൽ വലിയ തട്ടുകേടൊന്നും ഇല്ലാതെ 30 ദിവസം കൊണ്ട് കാര്യം നടന്നുകിട്ടും. നമ്മുടെ നാടല്ലേ, വഴിയാം വണ്ണം കണ്ടാൽ വഴിവിട്ട് എന്തു സഹായവും ചെയ്തു തരാൻ ഉദ്യോഗസ്ഥർ തയാറായിരിക്കും. (അവർക്കും പെണ്മക്കളെ കെട്ടിച്ചുവിടാനുണ്ടാകും!)

4 അഭിപ്രായങ്ങൾ:

Joseph said...

grt

sreepathi said...

അങ്ങനെയും പറയാം.
കഴിഞ്ഞ ആഴ്‍ച തന്നെ വേറൊരു സംഭവമുണ്ടായി.
അത്‍ എന്റെ ഒരു കൂട്ടുകാരന്റെ കൂട്ടുകാരൻ‍.
സംഭവം തമാശയാണ്‌.
പയ്യന്‌ കല്യാണം ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതോ ഒരു മാട്രിമോണി സൈറ്റിൽ ഒരു പേൺകുട്ടിയുടെ പ്രൊഫൈല്‍ കണ്ട് പയ്യന്റെ വീട്ടുകാര്‍ പെണ്ണിന്റെ വീട്ടിൽ എത്തി. പെണ്ണിനെ കണ്ടു, എല്ലാവർക്കും ഇഷ്ടപ്പെട്ടു, അവരുടെ വീട്ടിൽ നിന്ന് അടുത്ത ഒരു ദിവസം പയ്യന്റെ വീട്ടിലേക്ക് എത്താമെന്നു പറയുകയും ചെയ്തു. 
ഇതിനിടയിൽ ഒരു 2 മിനിറ്റ് പയ്യനും പെണ്ണും കൂടി സംസാരിക്കുകയും ചെയ്തു, ഈ സമയം കൊണ്ട് പയ്യൻ പെണ്ണിന്റെ ഫോൺ നമ്പരും ഫേസ് ബുക് ഐഡിയും എല്ലാം വാങ്ങി കയ്യിൽ വെച്ചു.
പിന്നെ ഫോൺ വിളിയും ചാറ്റും എല്ലാം നല്ല ജോറായി നടന്നു. പക്ഷെ ഇതിനിടയിൽ ആ ആലോചന പാളി, പെണ്ണിന്റെ അമ്മക്ക് എന്തോ ഇഷ്ടക്കേടായിട്ട് അവരു ചെറുക്കന്റെ വീട്ടിൽ വിളിച്ച് പറഞ്ഞ് പിന്മാറി. ദോ അന്നേരത്തേക്ക് ഇവരു തമ്മിൽ പൊരിഞ്ഞ പ്രേമം.
പിന്നെന്താ പെണ്ണിന്‌ വേറെ ഒരു ആലോചന വന്നു, അന്നു തന്നെ അവൻ പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്ന് എറണാകുളത്തെ ഒരു അമ്പലത്തിൽ വെച്ച് കല്യാണം നടത്തി.
ചെറുക്കന്റെ വീട്ട്കാരും പെണ്ണിന്റെ അമ്മാവൻ‍മാരും കല്യാണത്തിനുണ്ടായിരുന്നു.

sreepathi said...

അങ്ങനെയും പറയാം.
കഴിഞ്ഞ ആഴ്‍ച തന്നെ വേറൊരു സംഭവമുണ്ടായി.
അത്‍ എന്റെ ഒരു കൂട്ടുകാരന്റെ കൂട്ടുകാരൻ‍.
സംഭവം തമാശയാണ്‌.
പയ്യന്‌ കല്യാണം ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതോ ഒരു മാട്രിമോണി സൈറ്റിൽ ഒരു പേൺകുട്ടിയുടെ പ്രൊഫൈല്‍ കണ്ട് പയ്യന്റെ വീട്ടുകാര്‍ പെണ്ണിന്റെ വീട്ടിൽ എത്തി. പെണ്ണിനെ കണ്ടു, എല്ലാവർക്കും ഇഷ്ടപ്പെട്ടു, അവരുടെ വീട്ടിൽ നിന്ന് അടുത്ത ഒരു ദിവസം പയ്യന്റെ വീട്ടിലേക്ക് എത്താമെന്നു പറയുകയും ചെയ്തു. 
ഇതിനിടയിൽ ഒരു 2 മിനിറ്റ് പയ്യനും പെണ്ണും കൂടി സംസാരിക്കുകയും ചെയ്തു, ഈ സമയം കൊണ്ട് പയ്യൻ പെണ്ണിന്റെ ഫോൺ നമ്പരും ഫേസ് ബുക് ഐഡിയും എല്ലാം വാങ്ങി കയ്യിൽ വെച്ചു.
പിന്നെ ഫോൺ വിളിയും ചാറ്റും എല്ലാം നല്ല ജോറായി നടന്നു. പക്ഷെ ഇതിനിടയിൽ ആ ആലോചന പാളി, പെണ്ണിന്റെ അമ്മക്ക് എന്തോ ഇഷ്ടക്കേടായിട്ട് അവരു ചെറുക്കന്റെ വീട്ടിൽ വിളിച്ച് പറഞ്ഞ് പിന്മാറി. ദോ അന്നേരത്തേക്ക് ഇവരു തമ്മിൽ പൊരിഞ്ഞ പ്രേമം.
പിന്നെന്താ പെണ്ണിന്‌ വേറെ ഒരു ആലോചന വന്നു, അന്നു തന്നെ അവൻ പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്ന് എറണാകുളത്തെ ഒരു അമ്പലത്തിൽ വെച്ച് കല്യാണം നടത്തി.
ചെറുക്കന്റെ വീട്ട്കാരും പെണ്ണിന്റെ അമ്മാവൻ‍മാരും കല്യാണത്തിനുണ്ടായിരുന്നു.

Joseph said...

Are you inspired from Our Gopan

Post a Comment