Subscribe:

25 May 2011

ഹൂറേയ്... "ബിൽസിലാ ഹേ ബിൽസിലാ" വന്നേയ്...

നിമിഷങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യം നൽകികൊണ്ട്, നമ്മളെയെല്ലാം കാത്തിരിപ്പിന്റെ സുഖം കൊണ്ട് ആറാടിച്ച, ത്രീ കിങ്സിന്റെ, ഗാനങ്ങൾ പുറത്തിറങ്ങിയിരിക്കുന്നു!!! പണ്ട് അറിയിച്ചിരുന്നതു പോലെ തന്നെ മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ഗാനം - സിൽസിലാ ഹേയ് സിൽസിലായുടെ റീമേക്ക് ഗാനവും( ബിൽസിലാ ) ഇതിൽ ഉൾപ്പെടുന്നു.

സിൽസിലയുടെ റീമേക്ക് ഈ ചിത്രത്തിൽ ഉൾപ്പെടുത്തും എന്ന് കേട്ടപ്പോൾ തന്നെ കേരളത്തിലെ യുവ സമൂഹം ആനന്ദ ലഹരിയിലായിരുന്നു.

ഹരിശങ്കറിന്റെ സിൽസിലാ എന്ന ജനപ്രിയ ഗാനത്തിന്റെ ആകർഷണീയതയും,ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ റീമേക്ക് നിർമിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ബിൽസിലാ ഗാനത്തിന്റെ അണിയറ ശില്പികൾക്ക് ഏറ്റെടുക്കേണ്ടിയിരുന്നത്.

ദാ കേട്ട് നോക്കിക്കോളൂ ഈ ലോക ക്ലാസ്സിക്കുകൾ രണ്ടും.

 
1. ബിൽസിലാ..

2 സിൽസിലാ


വളരെ അധികം പണിപ്പെട്ടിട്ടാണെങ്കിലും അവർ അതിൽ ഏറെക്കുറേ വിജയിച്ചു എന്ന് തന്നെ പറയാം. ഔസേപ്പച്ചനാണ് ഈ പുതിയ ഗാനം അണിയിച്ചൊരുക്കിയത് എന്നാണ് അറിയാൻ കഴിഞ്ഞത്.

പഴയതിനെ കൂതറ എന്ന് പറയുകയും, ഹരിശങ്കറിന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുകയും ചെയ്ത മലയാളികൾക്ക് അതെല്ലാം തന്നെ ഒന്നുകൂടി ചെയ്യാനുള്ള അവസരമാണ് ഔസേപ്പച്ചൻ ഇപ്പോൾ നമുക്ക് തന്നിരിക്കുന്നത്. 

നമ്മുടെ പഴയ സണ്ണി ഡോക്ടർ പറയുന്നതു പോലെ പറയാനാണ് എനിയ്ക്ക് തോന്നുന്നത്.

തെറ്റി...
എനിയ്ക്ക് പാടേ തെറ്റി..
ഈ കേൾക്കുന്നതാണ് സിൽസിലാ റീ മേക്കെങ്കിൽ ഞാൻ ഹരിശങ്കറിനെ കുറ്റം പറയില്ലാ.
അങ്ങേരു വെറും പാവം!

ഇനി എനിക്ക് പറയാനുള്ളത് ഹരിശങ്കറിനോടാണ്.

ഇനി താങ്കൾ തൊപ്പി വെച്ച് മുഖം മറയ്ക്കേണ്ടാ,
തലയിൽ തുണിയിട്ട് നടക്കേണ്ടാ,
ഫോൺ അറ്റന്റ് ചെയ്യാൻ മടിക്കേണ്ടാ.

ഒരു മലയാളി എന്ന നിലയിൽ എനിക്ക് ഒന്നേ താങ്കളോടു പറയാനുള്ളൂ.
സമസ്താപരാധവും ക്ഷമിക്കുക.
25 വർഷത്തിനു മുകളിൽ പരിചയ സമ്പത്ത് ഉള്ള  ഔസേപ്പച്ചന് ഇങ്ങിനെ ചെയ്യാമെങ്കിൽ, ഒരു പുതുമുഖമായ താങ്കളുടെ ആദ്യ സംരംഭത്തിനെ തെറി പറഞ്ഞ് ഓടിച്ച ഞങ്ങൾ മലയാളികൾക്ക് വേണ്ടി ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു.
18 May 2011

ഉറിയേൽ തൂങ്ങുന്നവന്റെ പ* യേൽ തൂങ്ങുന്നവർ.


ക്ഷമിക്കണം, ഇതിലും സഭ്യമായി ഇവരെ വിളിക്കുവാൻ ഉള്ള പദ സമ്പത്ത് എനിക്കില്ലാ...കുട്ടനാട്ടിലെ നെല്ല് കൊയ്ത്ത് മെഷീൻ ഏജെന്റ്മാരുടെ   ---ഇല്ലാഴികയെ പറ്റിയാണ്  ഞാൻ പറഞ്ഞു വരുന്നത്.

ഇത്തവണ കൃഷി തുടങ്ങിയതു തന്നെ കാറ്റും മഴയും വെള്ളപ്പൊക്കവുമായിട്ടായിരുന്നു. വിതച്ച് ഏകദേശം ഒരു മാസത്തിനകം പലയിടത്തും പാടത്ത് വെള്ളം കയറി കൃഷി നശിച്ചിരുന്നു. പിന്നീട് കൃഷിവകുപ്പ് സൗജന്യമായി നൽകിയ 30 കിലോ വിത്തും സ്വന്തം ചിലവിൽ വാങ്ങിയ 20 കിലോ വിത്തും മറ്റുമായിട്ടാണ് രണ്ടാമത് കൃഷി തുടങ്ങിയത്. ഏക്കറിനു 30 കിലോ വിത്ത് സൗജന്യമായി കിട്ടിയെങ്കിലും വെള്ളം പറ്റിക്കുന്നതിനായി ഏക്കറിന് 500 രൂപ വീതം ഓരോ കൃഷിക്കാരനും പാടാശേഖര സമിതിക്ക് അധികമായി നൽകേണ്ടി വന്നിട്ടുണ്ട്.
ഇക്കാരണങ്ങൾ കൊണ്ട് സാധാരണ ഏപ്രിൽ മാസത്തിൽ നടക്കേണ്ട വിളവെടുപ്പാണ് രണ്ടു മാസം വൈകി ഇപ്പോൾ നടക്കുന്നത്. 

ഇനി കാര്യത്തിലേക്ക് കടക്കാം.

ഞങ്ങളുടെ പാടത്ത് കൊയ്ത്ത് മെഷീൻ വന്ന് തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം 5 വർഷമായി. മെഷീന് മണിക്കൂറിനാണ് വാടക നൽകേണ്ടത്. കഴിഞ്ഞ വർഷം 1600 ആയിരുന്ന വാടക ഇപ്പോൾ 2500 ആയി. കുഴപ്പമില്ലാ; ഈ സമയം കൊണ്ട് ഇന്ധന വിലയും ജീവിത ചിലവും കൂടിയിട്ടുണ്ട്. അതുകൊണ്ട് വാടക കൂടിയത് സഹിക്കാവുന്നതാണ്.
പക്ഷേ, ആദ്യ കാലങ്ങളിൽ ഒരു ഏക്കർ പാടം കൊയ്തെടുക്കാൻ 45 മിനിറ്റാണ് എടുത്തിരുന്നത്. കഴിഞ്ഞ വർഷമാകട്ടെ ആവറേജ് ഒരു മണിക്കൂർ സമയം കൊണ്ട് ഒരേക്കർ കൊയ്തിരുന്നു. കൂടാതെ ആവശ്യത്തിനു മെഷീനുകളും ഉണ്ടായിരുന്നു. പക്ഷേ ഈ വർഷം കർണാടകയിലും മറ്റും വിളവെടുപ്പ് സമയമായിരുന്നതിനാൽ മെഷീന്റെ എണ്ണം കുറവായിരുന്നു. ആദ്യം വന്നത് രണ്ടേ രണ്ട് മെഷീനുകളായിരുന്നു.
ഈ അവസരം മുതലാക്കി ഏജന്റുമാർ കൊള്ള നടത്തുകയായിരുന്നു ഇവിടെ. ഒരേക്കർ കൊയ്യാൻ മൂന്നും നാലും മണിക്കൂറാണെടുത്തത്. 4 ഏക്കർ കൊയ്യാൻ ഏകദേശം 50,000 രൂപയും ഒരേക്കറിന് 8,000 രൂപയും അര ഏക്കറിന് 7,000 രൂപയും ചിലവായവർ ഉണ്ട്. കഴിഞ്ഞ വർഷത്തെ ചിലവിന്റെ മൂന്നും നാലും ഇരട്ടിയാണ് ഈ ചിലവ്.
അര ഏക്കറിൽ താഴെ കൊയ്യാൻ 2 മണിക്കൂർ 45 മിനിറ്റ് എടുത്തു എന്ന് പറഞ്ഞ് കരയുന്ന കർഷകന്റെ മുഖമാണ് എന്റെ മനസിൽ ഇപ്പോഴും.
ഒരു കണക്ക് കൂട്ടൽ എടുത്ത് നോക്കാം.
4 പറ കണ്ടത്തിൽ ( 5 പറ ആണ് ഒരു ഏക്കർ. ) നിന്നും അദ്ദേഹത്തിന് ആകെ കിട്ടിയ നെല്ല് 7 ക്വിന്റൽ.
7 ക്വിന്റൽ നെല്ലിന്റെ വില ഏകദേശം 9800 രൂപ.
കൊയ്ത്ത് കൂലി 6875 രൂപ.
ചുമട്ട് കൂലി 420 രൂപ.
വെള്ളം പറ്റിച്ച വകയിൽ പാടാശേഖര സമിതിക്ക് നൽകാനുള്ളത് 250 രൂപ.
ബാക്കി 2255 രൂപ.
ഇതിൽ നിന്നും വിത്തിന്റെ വിലയും, വിതച്ചതിന്റെ കൂലിയും, വളത്തിന്റെ വിലയും, നടിച്ചിൽ കളപറി എന്നിവയുടെയും എല്ലാം ചിലവും കൂടി കിഴിച്ചാൽ തുക മൈനസ് ആകും. 

മെഷീന്റെ എന്തെങ്കിലും കുഴപ്പം കൊണ്ടാണ് ഇത്രയും സമയമെടുത്തതെന്ന് വിശ്വസിക്കുവാനും പറ്റില്ല. കാരണം, കൂടുതല് മെഷീനുകൾ വന്നപ്പോൾ ഇവയെല്ലാം സമയം മെച്ചപ്പെടുത്തുകയും ചെയ്തു.

കള്ള മാ..പൂ...താ... ഏജന്റുമാരേ,
ഒന്നൊർത്തോളൂ നെല്ല് എന്നാൽ ചോറാണ്. അത് സത്യമുള്ള മുതലാണ്. അതിൽ ഇത്തരം കള്ളം കാണിച്ചുണ്ടാക്കുന്ന കാശ് എറണാകുളം അമൃതയിൽ കൊണ്ടേ നിങ്ങൾ കളയൂ, ആലപ്പുഴ മെഡിക്കൽ കോളേജ് പറ്റാതെ വരും നോക്കിക്കോളൂ..

10 May 2011

ആശാസ്യവും അനാശാസ്യവും

ആശാസ്യം
അച്‌ഛന്റെ വഴിയേ ശ്രുതി ഹാസനും : മനോരമ വാർത്ത.
Universal Hero കമല ഹാസന്റെ മകളും അഭിനേത്രിയുമായ ശ്രുതി ഹാസനും സിനിമാ താരം സിദ്ധാർഥും ഒരുമിച്ച് ജീവിച്ച് പരസ്പരം അടുത്തറിഞ്ഞതിനു ശേഷം വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമത്രേ.. 
കമലഹാസനും സരിതയും അങ്ങനെ പരസ്പരം നന്നായി അറിഞ്ഞാണല്ലോ വിവാഹിതരായത്. ഇപ്പം പിന്നെ ഗൗതമിയെ വിവാഹം കഴിക്കണോ എന്ന് തീരുമാനിക്കാൻ വേണ്ടി അടുത്തറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. 
എത്ര മനോഹരമായ ആചാരങ്ങൾ!!!
വാർത്ത താഴെ.

അനാശാസ്യം.
കുറച്ച് കാലം മുൻപ്, എന്റെ ഒരു സുഹൃത്തിനെയും ഒരു പെൺ കുട്ടിയേയും സദാചാരത്തിന്റെ കാവൽ മാലാഖമാരായ കേരളത്തിലെ ചില കരപ്രാണികൾ പിടികൂടി. പെൺകുട്ടി അവന്റെ കൂടെ പഠിച്ചിറങ്ങിയതാണ്. അവരുടെ വീട്ടുകാർക്കും തമ്മിൽ തമ്മിൽ അറിയാം. അവർ ചെയ്ത കുറ്റം ഒരു കടയിൽ കയറി ജ്യൂസ് കുടിച്ചു! ( ഐസ്ക്രീമല്ല, വെറും ജ്യൂസ്. ഐസ്ക്രീം കഴിക്കുന്നതിൽ തെറ്റൊന്നുമില്ലാത്ത സമയമായിട്ടും അവർ വെറും ജ്യൂസ് മാത്രമാണ് കഴിച്ചത്.) എന്തായാലും അന്ന് അവനു കിട്ടിയ ഇടിക്കും നാണക്കേടിനും സദാചാരത്തെ വ്യഭിചരിക്കുന്ന ഇത്തരം നാറികൾ ഉത്തരം പറയേണ്ടി വരും, എന്നെങ്കിലും.

ഞാനൊരു കാര്യം മാത്രമേ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ,
നിയമം വെച്ച് നോക്കിയാൽ വിവാഹിതരാകാത്ത ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയുന്നതിലോ, ശാരീരികമായി ബന്ധപ്പെടുന്നതിലോ ഒരു തെറ്റും ഇല്ലാ. പക്ഷേ പണം കൊടുത്ത് ആ പണി ചെയ്യുന്നത് മാത്രമാണ് നിയമ വിരുദ്ധം.
അപ്പോൾ പിന്നെ ആ പാവം ചെറുക്കനേം പെണ്ണിനേം, അവരിനി ഒരു ഹോട്ടലിൽ റൂമെടുത്ത് എന്തെങ്കിലും ചെയ്താലും ചോദിക്കാൻ ഇവന്മാരൊക്കെ ആരാ??
ഇനി സദാചാരത്തിന്റെ പേരിലാണെങ്കിൽ, ഇവരൊന്നും പത്രം കാണുന്നില്ലേ?  ഇപ്പം ആണും പെണ്ണും വേണമെന്നില്ലാ, ആണും ആണും ആയാലും മതി സദാചാരം പോകാൻ..
ഇനി ഇറങ്ങെടാ, ഏതെങ്കിലും അപ്പനും മോനും കൂടി ഒരു ഹോട്ടലിൽ റൂമെടുത്താലും ചെന്ന് ഇറക്കി ഇടിയെടാ......

06 May 2011

ഭാരതത്തെ നമുക്ക് എങ്ങിനെ രക്ഷിക്കാം?

मेरा भारत महान 
ഇന്ത്യയുടെ മുൻപോട്ടുള്ള കുതിപ്പിന് വിലങ്ങ് തടി ആയ ചില കാരണങ്ങൾ എന്റെ കണ്ണിൽ.

1. അറിവില്ലായ്മ അഥവാ അറിയേണ്ടവ അറിയാതെ പോകുന്നത്
2. ധാർമികത നഷ്ടമായ രാഷ്ട്രീയം
3. അഴിമതി , കള്ളപ്പണം
4. വർഗീയത.

അറിവില്ലായ്മ അഥവാ അറിയേണ്ടവ അറിയാതെ പോകുന്നത് 
ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 65 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിലാണ് എന്നാണ് വെയ്പ്പ്. എന്നാൽ രാജ്യത്തുള്ളവരെല്ലാം സ്വന്തം പേര് എഴുതാൻ പഠിക്കുന്നതോ ഒരു ദിനഃപത്രം വായിക്കാൻ പഠിക്കുന്നതോ ആണോ സാക്ഷരത? സാക്ഷരരാണ് എന്ന് സ്വയം വിശ്വസിക്കുന്ന ഞാനും നിങ്ങളുമെല്ലാം അറിയേണ്ട പല കാര്യങ്ങളും അറിയാതെ പോകുന്നുണ്ട്.
വികസിത രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ അവകാശങ്ങളെയും കടമകളെയും പറ്റിയുള്ള അറിവിന്റെ നാലിലൊന്ന് നമുക്കുണ്ടായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാകുമായിരുന്നില്ല.
ഒരു ബസിൽ കയറി 50 പൈസ ബാക്കി കിട്ടാനുണ്ടെങ്കിൽ ചോദിക്കാതെ ഇറങ്ങി പോരും. ആളെ കയറ്റാതെ ബസ് പോയാൽ അടുത്ത വണ്ടി നോക്കി നിൽക്കും. കടയിൽ കയറി ഒരു സാധനത്തിന് MRP-യിൽ അധികം വില പറഞ്ഞാലും നമ്മൾ ഒന്നുകിൽ അത് വാങ്ങും അല്ലെങ്കിൽ വാങ്ങാതെ പോരും. യാത്രക്കിടയിലോ, വഴിയിലോ ഒരു മദ്യപാനി ശല്യമുണ്ടാക്കിയാലും നമ്മൾ അവിടെ നിന്ന് മുങ്ങും. യാത്ര മുടക്കിക്കൊണ്ട് റോഡിലൂടെ ഒരു ജാഥ പോയാലും നമ്മൾ ഒന്നും ചെയ്യില്ല. ഇങ്ങിനെ എത്ര എത്ര കാര്യങ്ങൾ നാം ഓരോ ദിവസവും കാണുന്നു.
നമ്മുടെ അവകാശങ്ങളെ പറ്റി നാം ബോധവാന്മാരായിരുന്നെങ്കിൽ തന്നെ ഇന്ന് ഈ നാട്ടിൽ നടക്കുന്ന ചൂഷണങ്ങൾ പകുതി ആകുമായിരുന്നു.
പരിഹാരം. 
1. ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഉള്ള  അവകാശങ്ങളെയും കടമകളെയും പറ്റി പുതിയ തലമുറയെ എങ്കിലും ബോധവാന്മാരാക്കുക. സ്കൂൾ തലത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ നാം നമ്മുടെ കുട്ടികളെ എങ്കിലും പഠിപ്പിക്ക്ക്കേണ്ടതുണ്ട്.
2. കൺമുന്നിൽ എന്ത് കൊള്ളരുതായ്മ കണ്ടാലും പ്രതികരിക്കാതിരിക്കുന്ന സ്വഭാവം മാറ്റുക. ശക്തമായി, പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിക്കുക. ഓർക്കുക പോലീസും മറ്റ് ഉദ്യോഗസ്ഥരും നമ്മെ സഹായിക്കുന്നതിനു വേണ്ടിയാണ് ശമ്പളം വാങ്ങുന്നത്. അവരുടെ സഹായം നമ്മുടെ അവകാശമാണ്. വേണ്ട സമയം അത് നേടിയെടുക്കുക. കുറച്ച് ബുദ്ധിമുട്ടിയാലും അത് നമ്മുടെ നാടിനു വേണ്ടി ആണെന്ന് ഓർക്കുക.

ധാർമികത നഷ്ടമായ രാഷ്ട്രീയം 
അധികാര രാഷ്ട്രീയം അതിന്റെ ഏറ്റവും വൃത്തികെട്ട അവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യയിൽ നാടകം കളിക്കുന്നത്. പണവും പവറും ആണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. തങ്ങളുടെ മന്ത്രി സഭയെ താങ്ങി നിർത്താൻ ഓരോ പാർടികളും കോടി കളാണ് കോഴയായും മറ്റും ചിലവാക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി രാഷ്ട്രീയ പാർടികൾക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉപദേശിക്കാൻ ഉള്ള പല ഏജൻസികളും പിറവിയെടുത്തിട്ടുണ്ട്. പേയ്‌ഡ് ന്യൂസ് എന്നു വിളിപ്പേരുള്ള, പണം കൊടുത്ത് മാധ്യമങ്ങളെ കൂടെ നിർത്തുന്നതു പോലുള്ള നാലാം തരം പണികളാണ് എല്ലാ പാർടികളും ചെയ്യുന്നത്. സ്വന്തം പാർടിയുടെ ഭരണ നേട്ടത്തേക്കാൾ എതിർ പാർടിയുടെ കൊള്ളരുതായ്മയും അഴിമതിയും പിന്നെ അവരുടെ നേതാക്കന്മാരുടെ വ്യക്തിപരമായ കാര്യങ്ങളും തന്നെയാണ് എല്ലാ തിരഞ്ഞെടുപ്പ് സമയത്തും എല്ലാ പാർടികളും പാടി നടക്കുന്നത്. പിന്നെ ഏറ്റവും ചിലവുള്ള രാഷ്ട്രീയ തന്ത്രമായ വർഗീയതയും കൂടി ആകുമ്പോൾ ജയ സാധ്യത കൂടും. ജയിക്കാനുള്ള ഈ ആവേശം രാജ്യത്തെ സേവിക്കുകയല്ലാ, സ്വന്തം കീശ നിറക്കുകയാണെന്ന് ആർക്കാണ് അറിയാത്തത്?

അഴിമതി
അഴിമതിയിൽ ഇന്ത്യ ഇപ്പോൾ 64-ആം സ്ഥാനത്തുണ്ട്. 2009-ൽ ഇത് 87 ആയിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അങ്ങിനെയെങ്കിൽ ഒന്നാം സ്ഥാനം അടിച്ചെടുക്കാൻ ഇനി ഒരു  അഞ്ചോ ആറോ വർഷം കൂടി കാത്തിരുന്നാൽ മതി. ചിലപ്പോൾ അത്രയും സമയം വേണ്ടി വരില്ലായിരിക്കാം. അഴിമതി ഇങ്ങ് താഴേ തട്ടിൽ നിന്ന് തുടങ്ങി ഇപ്പോൾ കോടതിയിൽ വരെ എത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. എന്തായാലും ഈയൊരു കാര്യത്തിൽ നമ്മൾ ജാതി,മത,വർണ്ണ,വർഗ്ഗ,ലിംഗ,രാഷ്ട്രീയ ഭേദമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ട് കുതിക്കുകയാണ്. അഴിമതിയും കള്ളപ്പണവും പരസ്പര പൂരകങ്ങളായിട്ടാണ് വർത്തിക്കുന്നത്. ഈ അഴിമതി പണവും, കള്ളപ്പണവും കണ്ടുകെട്ടിയാൽ തന്നെ ഇന്ത്യ ഒരു വൻ സാമ്പത്തിക ശക്തി ആയിത്തീരും. പട്ടിണി കിടന്നും, പോഷകാഹാരം കിട്ടാതെയും, ചികിത്സ കിട്ടാതെയും ആയിരങ്ങൾ മരിച്ചു വീഴുന്ന നാട്ടിലാണ് ഇത്രയും കള്ളപ്പണവും കുന്നു കൂടി കിടക്കുന്നത്. എണ്ണാൻ പറ്റാത്തത്ര കള്ളപ്പണം മറ്റ് രാജ്യങ്ങളിൽ കൊണ്ടിട്ടിരിക്കുന്നവരുടെ പേരു പുറത്തു പറയാൻ പോലും നമ്മെ ഭരിക്കുന്നവർക്ക് ത്രാണി ഇല്ലാതായിരിക്കുന്നു. ലിസ്റ്റിലുള്ള സ്വജനങ്ങളുടെ ബാഹുല്യമാകാം ഈ വിവരം നമ്മൾ കഴുതകളിൽ നിന്നും അവർ മറച്ച് വെയ്ക്കുന്നത്.

വർഗീയത
ഞാനിവിടെ പറയുന്ന വർഗീയത ഹിന്ദു വർഗീയത, മുസ്ലിം വർഗീയത എന്നിങ്ങനെയുള്ള, രാഷ്ട്രീയക്കാർ പറയുന്ന സംഭവമല്ല. വർഗീയത എന്ന വാക്കിന്റെ ശരിയായുള്ള അർഥം ആണ് ഞാനിവിടെ ഉദ്ദേശിച്ചത്. വർഗം എന്നാൽ ഒരു കൂട്ടം എന്ന് അർഥമാക്കാം, ഒരു കൂട്ടം ആളുകളുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കുന്ന എന്തിനേയും വർഗീയത എന്ന് വിളിക്കാം. ഒരാൾ ഞാൻ ഹിന്ദുവാണ് അല്ലെങ്കിൽ ഞാൻ മുസ്ലീമാണ് എന്ന് പറയുന്നതല്ലാ, മറിച്ച് ഒരു തെറ്റ് ചെയ്തവൻ സ്വന്തം വർഗത്തിൽ പെട്ടവനാണ് എന്നത് കൊണ്ട് അവനെ ന്യായീകരിക്കുന്നതാണ് വർഗീയത, തന്റെ വർഗത്തിൽ പെട്ടവന് അനധികൃതമായി സഹായം ചെയ്യുന്നതാണ് വർഗീയത. അങ്ങനെ നോക്കുമ്പോൾ ഇന്ത്യ മുഴുവൻ വർഗീയ വാദികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഞാനും നിങ്ങളുമൊക്കെ ചിലപ്പോഴെങ്കിലും വർഗീയ വാദികളാണ്.


ഇനിയും പലതുമുണ്ട് ഇല്ലേ .
കാലപ്പഴക്കം വന്ന നിയമ വ്യവസ്ഥ, നിയമ നിർമാണം നടത്തേണ്ട ഭരണാധിപന്മാരുടെ രഷ്ട്രീയ കളികൾ, നാടു ഭരിക്കാൻ വിവിധ സഭകളിലേക്ക് നാം തിരഞ്ഞെടുത്തയച്ച നേതാക്കന്മാർക്ക് ആ സഭകളിൽ ഇരിക്കാൻ സമയമില്ലാത്ത അവസ്ഥ. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മാടമ്പിത്തരം, പിന്നെ മറ്റെല്ലാത്തിനും നേരമുണ്ടായിട്ടും നാടിനു വേണ്ടി അല്പ സമയം മാറ്റി വെയ്ക്കാൻ സാധിക്കാത്ത നമ്മുടെ സ്വഭാവം!

ഇനിയുള്ളവ നിങ്ങൾ പറയൂ...

കുറിപ്പ് :
ഏകദേശം ഇരുനൂറിനു മുകളിൽ ഭാഷകളും അത്രയോളം തന്നെ ജാതി വിശ്വാസങ്ങളുമുള്ള ഒരു രാജ്യം വേറേ കാണില്ല. ഇങ്ങനെ ഉള്ള ഒരു നാടിനെ ഒന്നായി ഭരിച്ചുകൊണ്ട് പോകേണ്ടത് ശ്രമകരമായ ജോലി തന്നെയാണ്. പക്ഷേ ആരെങ്കിലും ഇതിനെ അത്രയും പ്രാധാന്യത്തോടെ കാണുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

ചില ആശയങ്ങൾക്കും അറിവുകൾക്കും കടപ്പാട് : അരുൺ ജോസ്, കണ്ണൂർ

04 May 2011

തള്ളേ കലിപ്പ്കള് തീരണില്ലേ ?? ഈ പൺഡിറ്റിന്റെ ഒരു കാര്യം...

നമ്മുടെ പൺഡിറ്റിനെ ആരോ തല്ലിക്കൊന്നെന്ന് കരുതി ഇരിക്കുമ്പോളാണ് ദേ ഇന്നൊരു മെയിൽ.

പൺഡിറ്റിന്റെ പടത്തിന്റെ കുറച്ച് ഫോട്ടോസും പിന്നെ ഒരു പഹയൻ ഫോണിലൂടെ എടുത്ത ഒരു ഇന്റെർവ്യൂവും.

ദാ കണ്ടോ...

ആദ്യം  ഇന്റെർവ്യു. (ശബ്ദം മാത്രമേ ഉള്ളൂ, 2 പാർട്ടുകൾ)
ഇനി ഫോട്ടോകൾ..
01 May 2011

എൻഡോസൾഫാൻ നിരോധിച്ചോ??

                  കഴിഞ്ഞ രണ്ട് മാസമായി കേരളത്തിലെ മാധ്യമങ്ങളെല്ലാം തന്നെ ഒറ്റ കെട്ടോടെ റിപ്പോർട്ട് ചെയ്ത വിഷയമാണ്  എൻഡോസൾഫാൻ നിരോധനം. കേരളത്തിലെ ഇടത് വലത് പാർടികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് പരസ്പരം കുറ്റപ്പെടുത്തിയെങ്കിലും രണ്ടു പേരുടെയും ആവശ്യം എൻഡോസൾഫാൻ നിരോധിക്കുക എന്നത് തന്നെയായിരുന്നു.
കേന്ദ്രനിലപാട് ആദ്യം എൻഡോസൾഫാന് അനുകൂലമായിരുന്നെങ്കിലും ജെനീവയിൽ നടന്ന സ്റ്റോക്ക്ഹോം കൺവെൻഷനിൽ മറ്റു രാജ്യങ്ങളുടെ സമ്മർദം ഭയന്ന് അവസാനം എൻഡോസൾഫാൻ നിരോധിക്കുന്നതിനെ അനുകൂലിച്ചെങ്കിലും പത്ത് പതിനൊന്ന് വർഷത്തേക്ക് എൻഡോസൾഫാൻ ഉപയോഗിക്കുവാനുള്ള അനുമതി ഇന്ത്യ നേടിയെടുത്തു.
കേരളത്തിൽ നടന്ന ഹർത്താലും,ഒപ്പ് ശേഖരണവും,നെറ്റ്വർക്കിങ്ങ് മീഡിയകളിലൂടെയുള്ള പ്രചാരണവും ഫലം കണ്ടെന്ന് തന്നെയാണെല്ലാവരും കരുതുന്നത്. പക്ഷേ ഒരു പൂർണ നിരോധനം വരണമെങ്കിൽ കുറഞ്ഞത് 11 വർഷമെടുക്കും എന്നത് തന്നെയാണ് സത്യം.

എൻഡോസൾഫാൻ നിരോധനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു പക്ഷേ മറ്റ് ചില കാര്യങ്ങൾ കൂടി എനിക്ക് ഇവിടെ പറയുവാനുണ്ട്.

 •            കാസർകോടും, കർണാടകയിലെയും തമിഴ്‌നാട്ടിലേയും ചില പ്രദേശങ്ങളിലും മാത്രമാണ് ഇത്രയും വലിയ രീതിയിൽ എൻഡോസൾഫാൻ ദോഷകരമായി ബാധിച്ചിരിക്കുന്നത്. കാസർകോട് സംഭവിച്ചത് ഹെലികോപ്റ്റർ വഴി മരുന്നടിച്ചത് മൂലമുള്ള അപകടമാണ്. ജനവാസം കൂടുതലുള്ള സ്ഥലത്ത് എൻഡോസൾഫാൻ മാത്രമല്ല, ഇതുപോലെയുള്ള ഏത് കീടനാശിനി ഇതേ പ്രകാരം തളിച്ചാലും അപകടം ഉണ്ടാകുവാൻ സാധ്യത ഉണ്ട്.
 •            എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യ ആണ്. വർഷം 9,000 ടൺ ആണ് ഉൽപാദനം. ഇതിൽ പകുതിയും ഇന്ത്യയിൽ തന്നെ ഉപയോഗിക്കുന്നു ബാക്കി കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. എൻഡോസൾഫാൻ നിരോധിച്ചാൽ സ്ഥിരമായ ഒരു വരുമാനമാണ് ഇന്ത്യക്ക് നഷ്ടപ്പെടാൻ പോകുന്നത്.
 •           എൻഡോസൾഫാൻ വിഷമാണെങ്കിൽ തന്നെ അത് നിരോധിച്ചു കഴിഞ്ഞാലുള്ള കാര്യം ആരും പറഞ്ഞ് കേൾക്കുന്നില്ല. ഇതിനു പകരം വെയ്ക്കാൻ കുറഞ്ഞ ചിലവിൽ മറ്റൊരു കീടനാശിനി കിട്ടാനില്ല എന്നതാണ് സത്യം.
 •           പകരം ഫലപ്രദമായ ഒരു കീടനാശിനി നൽകാതെ എൻഡോസൾഫാൻ നിരോധിച്ചാൽ ഇപ്പോൾ തന്നെ ഇന്ത്യയിൽ അതി രൂക്ഷമായ വിലക്കയറ്റം ഇതിലും ഭയാനകമായ അവസ്ഥയിലേക്ക് പോകും എന്നത് സത്യമാണ്.
 •           എൻഡോസൾഫാൻ നിരോധിച്ചാൽ ഇതുവരെ അപകടമൊന്നും റിപ്പോർട്ട് ചെയ്യാത്ത മറ്റ് സംസ്ഥാനങ്ങളിലെ കൃഷിക്കാരിൽ നിന്നും കടുത്ത വിമർശനം നേരിടെണ്ടിവരും എന്നതിനാലാകും കേന്ദ്രം ആദ്യം എൻഡോസൾഫാൻ അനുകൂലമായ ഒരു നിലപാടെടുത്തത്.


എൻഡോസൾഫാൻ വിഷമാണ്, അത് പൂർണമായും നിരോധിച്ചേ തീരൂ, പക്ഷേ
കുറഞ്ഞ ചിലവിൽ എൻഡോസൾഫാനു പകരം വെയ്ക്കാവുന്ന ഒരു കീടനാശിനി കണ്ടുപിടിക്കുക എന്നത് ഇന്ത്യയുടെ നിലനില്പിന്റെ പ്രശ്നമാണ്.

ഡി.ഡി.റ്റി ഇതുപോലെ തന്നെ സ്റ്റോക്ക്ഹോം കൺവെൻഷനിൽ നിരോധിച്ചതാണെങ്കിലും ഇപ്പോൾ ഇന്ത്യയിൽ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. എൻഡോസൾഫാനും ഇതേ ഗതി തന്നെ ആകാതിരിക്കട്ടെ.


26 April 2011

സ്വപ്നം

പകൽ മുഴുവൻ ജോലി ചെയ്ത ക്ഷീണം മാറ്റാൻ അവൻ വൈകുന്നേരം അൽപം ഒന്നു മിനുങ്ങി. ഏയ് അവൻ അങ്ങനെ ഒരു കുടിയനൊന്നുമല്ല, വെല്ലപ്പോഴും ഒന്നോ രണ്ടോ,ഏറിയാൽ മൂന്ന് പെഗ്ഗ് അത്രയേ കഴിക്കൂ. ബോധമില്ലാതെ കിടന്നുറങ്ങിപ്പോയാൽ കള്ളു കുടിച്ച സുഖം കിട്ടുമോ എന്നാണ് അവൻ ചോദിക്കുന്നത്. പിന്നീട് അത്താഴം കഴിക്കാൻ പുറത്തേക്ക് പോയി. നല്ല ചൂട് പുട്ടും കിഴങ്ങ് കറിയും വയറും മനസും നിറയുന്നതുവരെ കഴിച്ചു.
വീട്ടിലെത്തി നേരേ കട്ടിലിൽ കയറി കിടന്നു. രാവിലെ വായിച്ചിട്ട് വലിച്ചെറിഞ്ഞ മാസികയുടെ പുറത്താണ് കിടക്കുന്നത്. ഓ ഇനി ഇപ്പം ഈ രാത്രിയിൽ അതാരും വായിക്കില്ലല്ലോ, അതവിടെ കിടക്കട്ടെ. ചെറുതായി വിയർക്കുന്നുണ്ട് ഫാനിട്ടേക്കാം. ഫാനിട്ടതും അവനൊന്നു തുമ്മി. ഈ മുറി ഒന്ന് തൂത്തിട്ട് എത്ര നാളായി? ആവോ ഒരു പിടിയുമില്ല.  എന്തിന് ഇതൊക്കെ ആലോചിക്കണം? പതിയെ പതിയെ അവൻ ഉറക്കത്തിലേക്ക് വീണുപോയി.
പല പല വർണങ്ങൾ കണ്ണിൻ മുന്നിലൂടെ ഒഴുകുന്നു.   സ്വപ്നം കാണാനുള്ള ഒരുക്കമാണല്ല? ? രാത്രിയിൽ സ്വപ്നം കണ്ട കാലം മറന്നു. ഇപ്പോളെല്ലാം പകലാണ് സ്വപ്നം കാണുന്നത്.  മിക്കവാറുമുള്ള എല്ലാ യാത്രകളിലും അവൻ സ്വപ്നം കാണാറുണ്ട്. യാത്രയിൽ  മിക്കവാറും അവൻ ഒറ്റക്കായിരിക്കും. കുറേ നേരം സഹയാത്രികരുടെ മുഖ ഭാവങ്ങളും മറ്റും നോക്കിയിരിക്കും. ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ കണ്ണ് എപ്പോഴും ഏതെങ്കിലും സീറ്റിലേക്കായിരിക്കും. അവർക്ക് ഇരിക്കുന്നവരോടുള്ള അസൂയ ആ കണ്ണിൽ തെളിഞ്ഞു കാണാം. അല്ലാ താൻ നിൽകുമ്പോളും തന്റെ കണ്ണിൽ ഇതേ ഭാവം തന്നെയല്ലേ? ഇരിക്കുകയാണെങ്കിൽ കുറച്ചു നേരം കഴിയുമ്പോൾ സ്വപ്നം കാണാൻ തുടങ്ങും.  കണ്ണ് തുറന്നു വെച്ചു കൊണ്ട് സ്വപ്നം കാണുക, നല്ല സ്വപ്നങ്ങൾ മാത്രം. നമുക്ക് തിരഞ്ഞെടുക്കാം ഏത് വേണമെന്ന്. മിക്ക സ്വപ്നങ്ങളിലും അവനൊരു കോടീശ്വരനായി മാറും. ഇപ്പോൾ രാത്രിയിലെ സ്വപ്നമാണ്, തനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത സ്വപ്നം എന്താണാവോ അത്?
(തുടരും..)

24 April 2011

എൻഡോസൾഫാനും മാധ്യമങ്ങളും.

എൻഡോസൾഫാൻ മൂലമുണ്ടായികൊണ്ടിരിക്കുന്ന കെടുതികൾ നമ്മെ കാണിക്കുവാൻ മാധ്യമങ്ങൾ മത്സരിക്കുമ്പോഴും, ഒരു വാർത്തയെ എങ്ങനെ അവതരിപ്പിക്കണം എന്ന് അവർക്ക് നന്നായി അറിയാം.

തങ്ങൾ സഹായിക്കുന്ന, തങ്ങളെ സഹായിക്കുന്ന രാഷ്ട്രീയ പാർടിയെ ക്ഷതം ഏൽപ്പിക്കാതെ, തങ്ങളുടെ എതിരാളിയെ ഒന്നിരുത്തി വാർത്തകൾ അവതരിപ്പിക്കുന്നതിൽ ഇവർ ഒരിക്കലും അയയില്ല. അതിനി എൻഡോസൾഫാനാണെങ്കിലും, ലോകാവസാനമാണെങ്കിലും ഇനി വെല്ലോരുടെയും അമ്മക്കു ഭ്രാന്തായതാണെങ്കിലും( ഇതൊക്കെ ആണല്ലോ ഇപ്പോൾ പ്രധാന വാർത്തകൾ ) ഒരു മാറ്റവും ഉണ്ടാകില്ല.

ദാ ഇതു കാണൂ,
എൻഡോസൾഫാൻ രാജ്യ വ്യാപകമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിയെ കാണാൻ പോയ കേരളത്തിലെ സർവകക്ഷി സംഘം ആവശ്യങ്ങളെല്ലാം നിരാകരിക്കപ്പെട്ട് തിരിച്ചെത്തിയ വാർത്ത പത്രങ്ങളിൽ വന്നത് ഒന്നു കാണാം.

മലയാള മനോരമ
എൻഡോസൾഫാൻ നിരോധനത്തിന് ഉറപ്പു കിട്ടാതെ സർവകക്ഷിസംഘം
പൂർണമായും കോൺഗ്രസ് പത്രമാണ് എന്ന് ഉറപ്പു പറയാവുന്ന നിലക്ക് മനോരമ മാറിയിട്ട് വർഷങ്ങളായി. 
മനോരമയുടെ തലക്കെട്ട് കണ്ടാൽ സർവകക്ഷി സംഘം തോറ്റുമടങ്ങി എന്ന ഒരു ഫീൽ ആണെനിക്കു കിട്ടുന്നത്. സംഘത്തിന്റെ മുഴുവൻ ആവശ്യങ്ങളും പ്രധാനമന്ത്രി തള്ളിക്കളഞ്ഞു എന്നത് ഇത്രയും നല്ല ഒരു തലക്കെട്ടോടെ അവതരിപ്പിച്ച മനോരമയിലെ ലേഖകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
കാസർകോട് സന്ദർശിച്ചു ദുരിതത്തെക്കുറിച്ച് നേരിട്ടു മനസിലാക്കാൻ പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചു എന്നും മനോരമ പറയുന്നു.
ഇന്ത്യൻ വൈദ്യശാസ്ത്ര ഗവേഷണ കൗൺസിലിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ നടപടി എടുക്കാനാവില്ലെന്നാണു പ്രധാനമന്ത്രി അറിയിച്ചതെന്നു സർവകക്ഷി സംഘം അറിയിച്ചു.
എന്ന് മനോരമ വിശദമാക്കുന്നു.

എന്നാൽ ഇതേ ഇന്ത്യൻ വൈദ്യശാസ്ത്ര ഗവേഷണ കൗൺസിൽ ഇതേ വിഷയത്തിൽ മുൻപ് നൽകിയ റിപ്പോർട്ടിനെ പറ്റി മനോരമ അറിഞ്ഞിട്ടില്ല എന്നു ഭാവിക്കുന്നതിനാൽ മനോരമയുടെ പ്രതിബദ്ധത നാടിനോടല്ല, കോൺഗ്രസിനോടാണെന്ന് ഇതിനാൽ അടിവരയിട്ട് പറയാം.

ദേശാഭിമാനി
എൻഡോസൾഫാൻ : കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധം
കേന്ദ്രത്തെ ന്യായീകരിച്ച് ചെന്നിത്തല
കോൺഗ്രസ് കാപട്യം മറനീക്കി


ദേശാഭിമാനി പിന്നെ പാർടി പത്രം തന്നെ ആണല്ലോ? അപ്പം പിന്നെ കുറച്ചധികം വാർത്ത ഉണ്ടാകുമെന്നുറപ്പല്ലേ.
ദേശാഭിമാനി നിരാശപ്പെടുത്തുകയും ചെയ്തില്ല. വാർത്തകളിൽ കേന്ദ്ര വിരോധം ഉടനീളം കാണുകയും ചെയ്തു.
എൻഡോസൾഫാൻ വിഴുങ്ങണോ തുപ്പണോ എന്നറിയാതെ ത്രിശങ്കു സ്വർഗത്തിൽ നിൽക്കുന്ന കേരളത്തിലെ പാവം കോൺഗ്രസുകാരെ ആക്രമിക്കുന്നതിൽ ദേശാഭിമാനി അൽപം പോലും പിശുക്ക് കാണിക്കുന്നില്ല.

എങ്കിലും മനോരമ നൽകിയിരിക്കുന്നതിലും കൂടുതൽ വാർത്തയാണ് ദേശാഭിമാനി നൽകിയിരിക്കുന്നത്.


മാതൃഭൂമി
എൻഡോസൾഫാൻ : കേന്ദ്രനയത്തിനെതിരെ വി.എസ്. ഉപവസിക്കും
പരീക്ഷണം നിർത്താൻ സമയം കഴിഞ്ഞു.

മാതൃഭൂമി ആണിപ്പോളത്തെ പ്രധാന പ്രതിപക്ഷം എന്ന് ഒരു പേരുണ്ടെങ്കിലും പരീക്ഷണം നിർത്താൻ സമയം കഴിഞ്ഞു എന്നൊരു ലേഖനത്തിലൂടെ നാടിനോട് അല്പമെങ്കിലും കൂറുണ്ടെന്ന് മാതൃഭൂമി തെളിയിച്ചു.


ദ ഹിന്ദു
Centre will await ICMR report on endosulfan
ദുഃഖ വെള്ളി പ്രമാണിച്ച് ഒട്ടു മിക്ക പത്രങ്ങളും അവധി ആയിരുന്നതിനാൽ ഹിന്ദുവിലാണ് ഈ വാർത്ത ആദ്യം അച്ചടിച്ച് ഞാൻ കണ്ടത്. വളരെ വ്യക്തമായതും പൂർണവുമായ വാർത്തയാണ് ഹിന്ദു നൽകിയിരിക്കുന്നത്. 
സർവകക്ഷി സംഘത്തിൽ എത്ര പേർ ഉണ്ടായിരുന്നെന്നും ആരൊക്കെ ആയിരുന്നു അവരെന്നും ഞാൻ മനസിലാക്കിയത് ഹിന്ദുവിലൂടെയാണ്.

വാർത്തകളെല്ലാം ദാ താഴെ ഉണ്ട്.

മലയാള മനോരമ
എൻഡോസൾഫാൻ നിരോധനത്തിന് ഉറപ്പു കിട്ടാതെ സർവകക്ഷിസംഘം

ദേശാഭിമാനി
കോൺഗ്രസ് കാപട്യം മറനീക്കി

ദ ഹിന്ദു
Centre will await ICMR report on endosulfan

ഞാൻ വായിക്കുന്ന പത്രങ്ങളുടെ എണ്ണം കുറവാണ്.
വായിച്ചവയിൽ നിന്നും മനസിലായ വളരെ കുറച്ച് കാര്യങ്ങളാണിവിടെ എഴുതിയിരിക്കുന്നത്.
ശരിയായിരിക്കാം, തെറ്റായിരിക്കാം. 
എന്തായാലും ഏതു പത്രം വായിച്ചാലാണ് സത്യമായ വാർത്ത കിട്ടുക എന്ന് ഞാനിപ്പോളൂം അന്വേഷിക്കുകയാണ്.

28 March 2011

വോട്ട് ചെയ്യാതിരിക്കുവാനുള്ള അധികാരം.


അടുത്ത ഒരു തിരഞ്ഞെടുപ്പ് വന്ന്‌ മതിലുകൾ വൃത്തികേടാക്കാൻ തുടങ്ങിയിരിക്കുന്നു.

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോളും ഞാൻ ആലോചിക്കാറുള്ള ഒരു ചോദ്യത്തിന്‌ ഇന്നെനിക്ക് ഉത്തരം കിട്ടി.

വോട്ട് ചെയ്യുന്നത് എന്റെ മൗലിക അവകാശമാണ്‌. ജനാധിപത്യത്തിന്റെ നിലനില്പിനു കാരണം എന്റെ വോട്ടും കൂടി ആണ്‌. പക്ഷേ തിരഞ്ഞെടുപ്പിൽ നിൽക്കുന്നവർ ആരും തന്നെ എനിക്ക് സമ്മതനല്ല എങ്കിൽ ഞാനെന്തു ചെയ്യും?


എനിക്ക് മോഹന വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചവരും, എന്റെ രാജ്യത്തിന്റെ സമ്പത്ത് കട്ട് മുടിച്ചവരും, എന്റെ കഞ്ഞിയിൽ മണ്ണു വാരിയിട്ടവരും,എന്നെ കഴുത എന്ന് വിളിച്ചവരുമാണ്‌ സ്ഥാന മോഹികളായി വീണ്ടും മത്സരിക്കുന്നതെങ്കിലോ?. ഇവർക്കർക്കും വോട്ട് ചെയ്യാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.  വോട്ട് ചെയ്യാതിരിക്കുന്നത് ഒരു തരം ഒളിച്ചോട്ടവുമാണ്‌. ഇങ്ങനെ ഒരവസ്ഥയിൽ എനിക്കെന്തു ചെയ്യാൻ പറ്റും?


തിരഞ്ഞെടുപ്പ് നിയമങ്ങളിൽ ഇതിനു പരിഹാരമുണ്ട്.
ദാ ഇങ്ങനെയാണ്‌ ആ നിയമം.
1961-ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ 49-O ഉപനിയമം.

49-O. സമ്മതിദായകൻ വോട്ട് ചെയ്യേണ്ടാ എന്ന് തീരുമാനിക്കുന്നു
.- ഒരു സമ്മതിദായകൻ വോട്ട് ചെയ്യാൻ വേണ്ടിയുള്ള "Form-17A" ഫോമിൽ ആവശ്യമുള്ള വിവരങ്ങൾ എല്ലാം നൽകി, ഒപ്പും ചെയ്ത ശേഷം വോട്ട് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചാൽ, പ്രിസൈഡിങ്ങ് ഓഫീസർ ഈ വിവരം "Form-17A" - ൽ ഒരു കുറിപ്പായി ചേർക്കേണ്ടതാണ്‌.

ഇതിനു നേരേ സമ്മതി ദായകന്റെ ഒപ്പ് അല്ലെങ്കിൽ വിരലടയാളം പതിക്കുകയും വേണം.
ദേ ഇവിടെയുണ്ട് ആ നിയമത്തിന്റെ പകർപ്പ്.

 1. വിക്കിപ്പീഡിയ
 2. Ministry of Law & Justice websiteഇന്ത്യയിലുള്ള മാധ്യമങ്ങളോ, രാഷ്ട്രീയ പാർടികളോ ഒന്നും  ജനങ്ങളെ അറിയിക്കാത്ത ഒരു ഭീകര നിയമമാണിത്.
പക്ഷേ ഒന്നുണ്ട്. വോട്ടിങ്ങിന്റെ സ്വകാര്യത എന്നു പറയുന്ന സംഭവം ഇതിൽ ആപ്പ്ലിക്കബിൾ അല്ല.
വോട്ടിങ്ങ് മെഷീനിൽ ഒരു ബട്ടൺ കൂടി വെക്കുന്നതു പോലെ കുറച്ചു കൂടി സുതാര്യമായ ഒരു നിയമമായിരുന്നെങ്കിൽ നന്നായിരുന്നു അല്ലേ??
അല്ലാ ഈ പറയുന്ന രാഷ്ട്രീയക്കാരു തന്നെയല്ലേ പുതിയ നിയമങ്ങൾ ഇനി ഉണ്ടാക്കുന്നത്! ലോകാവസാനം വരെ ഇതിലും എളുപ്പമായ ഒരു നിയമം ഇറക്കുമെന്ന് പ്രതീകഷിക്കണ്ട.

മുന്നറിയിപ്പ്.
എനിക്ക് THE CONDUCT OF ELECTIONS RULES, 1961 , 49-O പ്രകാരം വോട്ട് ചെയ്യാൻ സൗകര്യമില്ല എന്ന് ബൂത്തിൽ ചെന്ന് പറഞ്ഞിട്ട് ഏജന്റുമാരുടെ എന്തെങ്കിലും സമ്മാനം കിട്ടിയാൽ എന്നെ ചീത്ത പറയരുത്.

23 March 2011

ഏഴിലെ ചൊവ്വ


ഖത്തറിൽ ഭേതപ്പെട്ട ഒരു ജോലിയുമായി ജീവിതം ആഘോഷിക്കുന്ന എന്റെ അളിയൻ ഈ ഞായറാഴ്ച ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തും.
എനിക്ക് കല്യാണപ്രായേ.. എന്ന്‌ ഏകദേശം ഒരു 6 മാസം മുൻപേ തന്നെ അവൻ വിളിച്ചറിയിച്ചതാണ്‌. ഒരു പെങ്ങളുള്ളതിനെ സൽ‍ഗുണ സമ്പന്നനായ ഈ ഞാൻ കെട്ടിയതോടെ " പ്രത്യേകിച്ച് ബാധ്യത ഒന്നും ഇല്ലാത്തതിന്നാൽ ഒരു പെണ്ണു കെട്ടാം" എന്നു കരുതുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ അല്ലേ?
എന്നാൽ‍ പിന്നെ അങ്ങനെ തന്നെ ആകട്ടെ എന്ന് കരുതി എന്റെ അമ്മായിഅഛൻ മോന്റെ ജാതകമൊക്കെ തപ്പി ഏടുത്ത് നേരേ ഒരു ജൊത്സ്യന്റെ അടുത്തെത്തി. പുള്ളി കൂട്ടിയും കുറച്ചുമെല്ലാം നോക്കി അവസാനം ഒരു കാര്യം അങ്ങു പറഞ്ഞു. 7 - ൽ ചൊവ്വാ ഉണ്ട്!!!
അതൊന്ന് ആറിലേക്കോ അഞ്ചിലേക്കോ മാറ്റാൻ എന്റെ അമ്മായിഅഛൻ ആവുന്നത്ര പറഞ്ഞു നോക്കി. പക്ഷേ കൊടുത്ത ദക്ഷിണ കുറഞ്ഞു പോയിട്ടണോ എന്നറിയില്ലാ, അങ്ങേരതൊന്നു ആറരയിലേക്കു പോലും മാറ്റിയില്ല! പിന്നെന്തു ചെയ്യാനാ? 7- ൽ ചൊവ്വയുള്ള ജാതകവുമായി ബ്രോക്കറെ കാണാൻ പോവുക തന്നെ.
ഇപ്പം ആലപ്പുഴയിൽ എത്ര ബ്രോക്കർമാരുണ്ടെന്നറിയണമെങ്കിൽ എന്റെ അമ്മായിഅഛനെ വിളിച്ച് ചോദിച്ചാൽ മതി. ഒരു കല്യാണം നടത്താനുള്ള കാശിപ്പോൾ തന്നെ ബ്രോക്കർമാർക്കും മാട്രിമോണി സൈറ്റുകൾക്കും കൊടുത്തു കഴിഞ്ഞു. പിന്നെ ഞാനും എന്റെ ഭാര്യയും എന്റെ അമ്മായിഅഛനും കൂടി കുറെ വീട്ടിൽ ചെന്നു ചായ കുടിച്ചതു മാത്രം മിച്ചം.
എനിക്കു വേണ്ടി ഞാൻ പെണ്ണു കാണാൻ പോയിട്ടില്ലെങ്കിലും അളിയനു വേണ്ടി പോയി കണ്ടതോടെ എനിക്ക് ഒരു കാര്യം മനസിലായി. എന്താന്നു വെച്ചാൽ, നമ്മളിപ്പം ഒരു പെണ്ണിനെ കാണാൻ പോകുന്നു, ആ പെണ്ണിനെ നമുക്കു മുൻപ് 5- ൽ താഴെ ടീമുകളേ കണ്ടിട്ടുള്ളെങ്കിൽ ചായക്ക് നല്ല കൊഴുപ്പ് കാണും, മേശ നിറയെ ടച്ചിങ്ങ്സ് സോറി സ്നാക്സും കാണും. 5- ൽ കൂടുതൽ പേരു വന്നു കണ്ട പെണ്ണാണെങ്കിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. വെള്ളം കൂട്ടി ഒരു ചായയും കുറച്ച് ഏത്തക്കായ് ഉപ്പേരിയും മാത്രം കാണും. ഇനി 10-ൽ കൂടുതലാണേൽ ചിലപ്പം കട്ടൻ ചായ ആയാലും അൽഭുതപ്പെടെണ്ടാ.
ഏതായാലും ഇതുവരെ ആലോചന ഒരു വഴിക്കെത്തിയിട്ടില്ല. ഇനി അവൻ വന്നിട്ടാരെയെങ്കിലും കാണുന്നെങ്കിൽ കാണട്ടെ.
അല്ല നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമുണ്ടോ 7- ൽ ചൊവ്വക്കു പറ്റിയത്?

ദേ ഇതാണെന്റെ അളിയൻ.
പയ്യൻ ആളു പരിഷ്കാരിയാണു കേട്ടോ..
ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമല്ലോ അല്ലേ..

22 March 2011

ദൈവത്തിന്റെ നെറ്റ്വർക്ക് മാർക്കെറ്റിങ്ങ് (ഭീഷണി മാർക്കെറ്റിങ്ങും)

ഈ കോർപറേറ്റ് യുഗത്തിൽ പബ്ലിസിറ്റി ഇല്ലാതെ ഒന്നിനും അധികകാലം നിലനില്പ്പില്ലല്ലോ? സിനിമയുടെ കാര്യത്തിൽ തന്നെ ആണെങ്കിൽ പണ്ടൊക്കെ ഒരു സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞാൽ കാണുന്ന മതിലിലെല്ലാം പോസ്റ്ററൊട്ടിക്കണം, പത്രത്തിൽ പരസ്യം കൊടുക്കണം പിന്നെ ദൈവം സഹായിച്ച് പടം 100 ദിവസം ഓടിയാൾ വീണ്ടും കുറച്ച് ഫോട്ടോ എടുത്ത് പോസ്റ്റർ അടിക്കണം. പരിപാടി തീർന്നു. പക്ഷെ ഇപ്പോളോ, ഷൂട്ടിങ്ങ് കഴിഞ്ഞാലുടൻ പ്രമോഷൻ പരിപാടികൾ, മൽസരങ്ങൾ, വെബ് സൈറ്റ്, ഓഡിയോ റിലീസ്,അഭിമുഖങ്ങൾ, റ്റ്വിറ്റർ ആഘോഷം, ഫിലിം പെട്ടിക്ക് ഫാൻസ് വക സ്വീകരണം, ചെണ്ട മേളം എന്നു വേണ്ട ആകെ ഒരു ബഹളം.
എല്ലാം ഇങ്ങിനെയൊക്കെ ആകുമ്പോൾ പാവം ദൈവം തമ്പുരാന്റെ കാര്യം എന്തു ചെയ്യും? പുള്ളിക്കാണെങ്കിൽ ചാനലില്ല, ഫാൻസ് അസോസിയേഷനില്ല, റ്റ്വിറ്റെർ അക്കൗണ്ട് ഇല്ല, ബ്ലോഗുമില്ല. പിന്നെ ആകെയുള്ളത് കുറച്ച് അമ്പലങ്ങളും പള്ളികളും ഒക്കെയാണ്‌. പുതിയ തലമുറയിലെ പിള്ളേരെ വലവീശാൻ ഇതൊന്നും പോരല്ലോ. പിന്നെ കുറച്ച് സംഘടനകളുള്ളത് നമ്മുടെ ആളെ സ്ഥാനാർത്ഥി ആക്കണം എന്നു പറഞ്ഞ് പാർടികളുടെ പുറകെയാണ്‌. അപ്പം പിന്നെ എന്തു ചെയ്യും സ്വന്തം ഇമേജ് കാക്കാൻ ദൈവം തുനിഞ്ഞിറങ്ങിയല്ലേ പറ്റൂ.
പുള്ളി ഇറങ്ങുകയും ചെയ്തെന്ന്! ദൈവമാരാ മോൻ പുള്ളി നേരേ നെറ്റ്വർക്ക് മാർക്കെറ്റിങ്ങിലേക്കല്ലേ ഇറങ്ങിയത്.എത്ര എത്ര ഇമെയിലാണെനിക്ക് വരുന്നതെന്നോ? പിന്നെ പുള്ളീടെ മെയിലിന്‌ എല്ലാം ഒരു ഫോർമാറ്റ് ഉണ്ടാകും ദാ ഇങ്ങനെ.
 1. ദൈവത്തിന്റെ കുറച്ച് അൽഫുത പ്രവർത്തികളുടെ ദൃക്‌‍സാക്ഷി വിവരണം ആദ്യ പാരഗ്രാഫ്.
 2. ഈ മെയിൽ ഫോർവേഡ് ചെയ്താൽ നിങ്ങൾക്കുണ്ടാകാൻ പോകുന്ന അമൂല്യ സൗഭാഗ്യങ്ങളുടെ ലിസ്റ്റ് + ഇങ്ങനെ സൗഭഗ്യം നേടിയ കുറച്ചു പേരുടെ അനുഭവങ്ങൾ.
 3. ഈ മെയിൽ ഡിലീറ്റ് ചെയ്തിട്ട് ആകാശമിടിഞ്ഞ് തലയിൽ വീണ്‌ പിടലി ഒടിഞ്ഞവരുടെ കഥ.
ഈ ദൈവത്തിന്റെ ഒരു പുത്തി! പുള്ളിക്ക് എങ്ങനെയൊക്കെ ഹിറ്റ് കിട്ടുമെന്നറിയുമോ?
 1. അൽഭുതം സ്തുതിച്ച് ഫോർവേഡ് ചെയ്യുന്നവര്‌
 2. എന്തൊക്കെയോ കിട്ടുമെന്ന് കരുതി ഫോർവേഡുന്നവർ.
 3. പിടലി പോയലോ എന്നു കരുതി ചെയ്യുന്നവർ.
ആകെ മുഴുവൻ ഫോർവേഡോട് ഫോർവേഡ്.
സമ്മതിച്ചു ദൈവമേ നിങ്ങള്‌ പുലിയാണു കേട്ടോ.

This Marketing idea is protected under the copyright Act. Property of of G O D !!

20 March 2011

സിൽസിലയുടെ ഹാങ്ങോവർ മാറിയെങ്കിൽ ഇതാ കൃഷ്ണനും രാധയും..

ഹരിശങ്കറിന്റെ സിൽസില നമ്മൾ യൂ ട്യൂബ് വഴി ആസ്വദിക്കുകയും ജയശങ്കറിന്റെ ആ ധീരതക്ക്, ആ ആത്മാർഥതക്ക്, കലയോടുള്ള അഭിനിവേശത്തിന്‌ കമന്റുകൾ വഴി നമ്മുടെ അളവറ്റ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തതാണല്ലോ. എങ്കിലും ഒരു വിഷമം മാത്രം മനസിലുണ്ടായിരുന്നു കമ്പ്യൂട്ടർ സ്ക്രീനിന്റെ വളരെ ചെറിയ വലിപ്പത്തിൽ മാത്രമല്ലേ ആ മഹത് സൃഷ്ടി നമ്മൾ കണ്ടുള്ളൂ, ബിഗ് സ്ക്രീനിൽ അതൊന്ന് അനുഭവിക്കാൻ മാത്രം സുകൃതം നാം ചെയ്തില്ലല്ലോ, ഡി റ്റി എസ് - ൽ ആ ഗാനം അതിന്റെ പൂർണതയിൽ ആസ്വദിക്കുവാൻ കഴിഞ്ഞില്ലല്ലോ. നമ്മുടെ ഈ വിഷമമെല്ലാം തീർക്കാൻ ദാ 3കിങ്ങ്സ് വരുന്നു. നമ്മുടെ ജയസൂര്യയുടെ 3കിങ്ങ്സിൽ നമുക്ക് ആ മഹാ സംഭവം ബിഗ് സ്ക്രീനിൽ, ഡി റ്റി എസ് ക്ലാരിറ്റിയിൽ അനുഭവിക്കാം. നന്ദി ജയസൂര്യേ നന്ദി.
പക്ഷേ ആദായമുണ്ടെങ്കിൽ അപകടവുമുണ്ടെന്ന് പറയുന്നതു പോലെ ഒരു ചെറിയ വിഷമവും ഉണ്ട്. സിനിമയിൽ ജയസൂര്യയും സംവൃതയും ആയിരിക്കും ഈ ഭൂലോക ക്ലാസിക്കിനു ചുവടു വെക്കുക എന്നാണു കേൾക്കുന്നത്. തൊപ്പി വെച്ച ഹരിശങ്കറിനെയും ആ മസിലൻ ചുള്ളനെയും മദാമ്മമാരെയും കാണണമെങ്കിൽ ജയസൂര്യ കനിയണം. കരുണാമയനായ ജയസൂര്യ ഭഗവാൻ നമ്മുടെ ഈയൊരു ആഗ്രഹവും തീർത്തുതരും എന്നു നമുക്ക് വിശ്വസിക്കാം. ഒരു വട്ടം കൂടി നമുക്ക് ഹരിശങ്കറിന്റെ സിൽസില കമ്പ്യൂട്ടറിൽ കാണാം. ശേഷം ബിഗ് സ്ക്രീനിൽ.ജയസൂര്യയുടെ അടുത്ത സിനിമക്കുള്ള ഗാനവും ഇതിനിടയിൽ പുറത്തിറങ്ങി. 3 കിങ്ങ്സിൽ എല്ലാ ഗാനവും തീരുമാനിച്ചു കഴിഞ്ഞതിനാൽ ഈ ഗാനം അടുത്തപടത്തിൽ ഉൾപെടുത്തിയേക്കും (ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണെന്നേയ്, ജയസൂര്യ ഇനീം നായകനാകും‍ന്ന്)
പതിവുപോലെ തന്നെ രചന,സംഗീതം,പാടിയത്,ചിത്രസംയോജനം പിന്നെ വേറേ പലതും ചെയ്തത് ഒരാൾ തന്നെ. ആളുടെ പേര്‌ പണ്ഡിറ്റ്, സന്തോഷ് പണ്ഡിറ്റ്! പണ്ഡിറ്റ് തന്നെയാണോ അഭിനയിച്ചതെന്ന്‌ അറിയില്ലെങ്കിലും ലക്ഷണമെല്ലാം കണ്ടിട്ട് ലിതു തന്നെ പണ്ഡിറ്റ് എന്നാണ്‌ എനിക്ക് തോന്നുന്നത്. നിങ്ങൾക്ക് എന്തു തോന്നുന്നെന്ന് പറയണം കേട്ടോ?

രാത്രി ശുഭ രാത്രി - കൃഷ്ണനും രാധയും

അംഗനവാടിയിലെ ടീച്ചറേ - കൃഷ്ണനും രാധയും


പിന്നെ ഈ ആൽബം ആ പാവം പെൺകുട്ടിയെ ചൂഷണം ചെയ്യാൻ (അതെ അതു തന്നെ) മാത്രമെടുത്തതാണെന്നൊക്കെ പലരും പറയുന്നുണ്ട്. ഞാനൊന്നും പറയുന്നില്ലേയ്.


വാൽ കഷ്ണം : ദയവായി തെറി കമന്റ് എഴുതരുത്.
ഇനി എഴുതിയേ പറ്റുള്ളൂ എങ്കിൽ ഏതെങ്കിലും ചില്ലറ ചെറിയ സാധനങ്ങൾ എഴുതിക്കോളൂ. പക്ഷേ അത്‌ എന്നെയാണോ, ഹരിശങ്കറിനെയാണോ അതോ പണ്ഡിറ്റിനെയാണോ അതോ വേറേ വല്ലവരേയും ആണോ എന്നു വ്യക്തമായി പറയണം കേട്ടോ.

16 March 2011

ദേ ഇതുകൊണ്ടാണ്‌ ഞാൻ‍ പാലാരിവട്ടത്തുനിന്ന് ആലപ്പുഴക്ക് KSRTC ബസിൽ പോകുന്നത്!!

IndiGo Airlines ലെ Captain Parminder Kaur Gulat നെ വ്യാജ മാർ‍ക് ലിസ്റ്റ് ഉപയോഗിച്ച് ലൈസൻസ് നേടി എന്ന കുറ്റത്തിന്‌ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തു.

ആയമ്മ 2007 മുതൽ ഇന്റിഗോ യിൽ കോ പൈലറ്റായിരുന്നു. ആ സമയം നടന്ന air navigation പരീക്ഷയിൽ തോറ്റു. മാത്രമല്ല radio aids and instruments എന്ന പരീക്ഷ എഴുതുക പോലും ചെയ്തില്ല.
പക്ഷെ ഈ പരീക്ഷയുടെ എല്ലാം വ്യാജ മാർക്‍‍ഷീറ്റുമായി അവർ‍ 2009-ൽ‍ കൊമേഴ്സ്യൽ പൈലറ്റ്‍ ലൈസൻസ് നേടി!
പിന്നെ നേരേ ഇന്റിഗോയിൽ വീമാനം പറത്താനും തുടങ്ങി.

ഇക്കഴിഞ്ഞ ജാനുവരി 11ന്‌ ഇന്റിഗോയുടെ തന്നെ ഒരു ഫ്ലൈറ്റ്‌ അവര്‍ ഡെൽ‍ഹിയിൽ‍ നിന്ന് ഗോവ വരെ കൊണ്ടുവന്നു.ഗോവയിൽ വെച്ച് ഫ്ലൈറ്റിന്റെ മുൻ ചക്രങ്ങൾ‍ കുത്തിയാണു ലാന്റ് ചെയ്തതത്രേ ( പിൻ‍ ചക്രങ്ങളുപയോഗിച്ചാണ്‌ ലാന്റ് ചെയ്യേണ്ടത്). മാത്രമല്ല, അവരും ഒരു എഞ്ചിനീയറും കൂടി ഫ്ലൈറ്റ് പരിശോധിച്ച് എല്ലാം ഓകെയാണെന്നു റിപോർട്ടും കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഫ്ലൈറ്റിന്‌ തിരിച്ച് ഡെൽ‍ഹിക്ക് പോകാനുള്ള അനുമതി നൽ‍കുകയും ചെയ്തു. പക്ഷേ പോകുന്നവഴിക്ക് ഫ്ലൈറ്റിന്റെ ലാന്റിങ്ങ് ഗിയറിൽ പ്രശ്നമുണ്ടെന്ന് അറിഞ്ഞ് അടിയന്തിരമായി ഗോവയിൽ തിരിച്ചിറക്കുകയായിരുന്നു.

ഇതെല്ലാം കണ്ട് അവരുടെ ഫ്ലൈറ്റ്‍ ഹിസ്റ്ററി ഏടുത്തു നോക്കിയ ഉദ്യോഗസ്ഥർ‍ ഞെട്ടി പോയി. അമ്മച്ചി ഇതുവരെ ഒരു തവണ പോലും മര്യാദക്ക് ലാന്റ് ചെയ്തിട്ടില്ല!!!
പിന്നെ വിശദമായി പരിശോധിച്ചപ്പോളല്ലേ വിവരങ്ങളെല്ലാം അറിഞ്ഞത്‌.

ഏതായാലും 4000ത്തിലധികം പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കുകയാണിപ്പോൾ. കൂടുതൽ‍ ആളുകൾ‍ കുടുങ്ങാം എന്നാണത്രേ സൂചനകൾ.

14 March 2011

മാംഗല്യം തന്തുനാനേന മമ ജീവന ഹേതുന...


ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവളുടെ അഛനമ്മമാരുടെ മനസിൽ ഒരായിരം കണക്കു കൂട്ടലുകളും പ്രതീക്ഷകളും ഭയങ്ങളും ഉടലെടുത്തു കഴിയും.ഏറ്റവും ആദ്യം അവരുടെ മനസിൽ വരുന്നത് അവളുടെ പഠനത്തെയും വിവാഹത്തെയും പറ്റിയുള്ള ചിന്തകളായിരിക്കും.
ഇന്നത്തെ കാലത്ത് ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ നട്ടെല്ലൊടിക്കുന്ന ഒരു മഹാ സംഭവമാണ്‌ ഒരു പെൺകുട്ടിയുടെ വിവാഹം. കുട്ടി ജനിക്കുന്ന ദിവസം മുതൽ അദ്ധ്വാനിച്ചും പിശുക്കിയും കൂട്ടിവെയ്ക്കുന്ന മുഴുവൻ സമ്പാദ്യവും ചിലവിട്ട്, ഇനി വരുന്ന കാലം മുഴുവൻ അദ്ധ്വാനിച്ച് വീട്ടേണ്ട കടങ്ങളും വരുത്തിവെച്ച് സന്തോഷത്തോടെ അവർ അതു മംഗളമായിത്തന്നെ നടത്തും. ഇതിനിടയിൽ ഉണ്ടാകുന്ന ടെൻഷൻ വേറെ. പക്ഷെ ഇതൊക്കെയല്ലേ ഒരു മനുഷ്യ ജന്മത്തിൽ ഒരു അഛനും അമ്മക്കും കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷവും?
വീട്ടിൽ ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞാൽ അന്നു രാത്രി കിടന്നുറങ്ങുമ്പോൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത സുഖ നിദ്രയായിരിക്കും മാതാപിതാക്കൾ അനുഭവിക്കുക.
ഒരു മകൻ അല്ലെങ്കിൽ മകൾ എന്ന നിലയിൽ നമുക്കു നമ്മുടെ അഛനമ്മമാർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണിത്.
പക്ഷെ നമ്മുടെ നാട്ടിൽ മാതാപിതാക്കളെ എതിർത്തുകൊണ്ടുള്ള വിവാഹങ്ങൾ കൂടുകയണ്‌. മക്കളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അഛനമ്മമാരും കുറച്ചൊക്കെ വിവേകം കാട്ടണം. എനിക്കു തോന്നുന്നത് കൂടുതലും മിശ്ര വിവാഹങ്ങളാണിങ്ങനെ നടക്കുന്നതെന്നണ്‌.ജാതി, മതം ഇതൊക്കെ ഇന്നത്തെ കാലത്ത് അത്രയങ്ങ് നോക്കണോ? നിങ്ങളിതു കണ്ടിരുന്നോ?
നമ്മുടെ ജഗതി ശ്രീകുമാറിന്റെ മകളുടെ കല്യാണം.ചെറുക്കൻ ആരാണെന്നറിയില്ലെ, പി.സി. ജോർജിന്റെ മകൻ.കല്യാണം പള്ളിയിൽ വെച്ചായിരുന്നു. രണ്ടു വീട്ടുകാരും കല്യാണത്തിനുണ്ടായിരുന്നു. പെണ്ണു മതം മാറി എന്നതു സത്യം. പക്ഷെ കുടുംബാംഗങ്ങൾ എല്ലാവരും കല്യാണത്തിൽ പങ്കെടുത്തു.
മകനോ മകളോ ഒരു സ്നേഹ ബന്ധത്തിലാണ്‌ എന്നറിഞ്ഞാലുടൻ അതു തകർക്കാനും മകളെ ജയിലിലിടാനും നോക്കതെ അത് ഒരു നല്ല ബന്ധമാണെങ്കിൽ വേണ്ട സമയത്ത് ആ വിവാഹം നടത്തി കൊടുക്കാമെന്നൊരു തീരുമാനമെടുത്താൽ എന്തു സംഭവിക്കാനണ്‌? മറിച്ച് അതൊരു ചീത്ത ബന്ധമാണെങ്കിൽ എന്തുകൊണ്ട് അത് പാടില്ല എന്ന് അവരെ പറഞ്ഞു മനസിലാക്കാൻ ഉള്ള കടമ മാതാപിതാക്കൾക്ക് തീർച്ചയായും ഉണ്ട്.
ഇതല്ലാതെയും വേറേ പല കാരണങ്ങളും ഇങ്ങനെയുള്ള വിവാഹത്തിന്‌ ഉണ്ടാകാം. എങ്കിലും കഴിവതും ഇത്തരം കടന്ന കൈകൾ ഒഴിവാക്കി എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഉള്ള വിവാഹങ്ങളല്ലേ ഏറ്റവും നല്ലത്.

പിന്നെ,ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങക്ക് ഇങ്ങനെ ചെയ്യേണ്ടി വരും എന്നുള്ളവർക്ക് എന്നുള്ളവർക്ക് ഒരു ചെറിയ സഹായം.

രണ്ടുപേരും ഹിന്ദു മതത്തിൽ പെട്ടവരാണെങ്കിൽ ഹിന്ദു മാര്യേജ് ആക്റ്റ് പ്രകാരം ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാം.
രണ്ടു പേരുടെയും ഐ.ഡി. പ്രൂഫും വയസ് തെളിയിക്കുന്ന രേഖയും ക്ഷേത്രത്തിൽ ഹാജരാക്കണ്ടി വരും.

മിശ്ര വിവാഹമാണെങ്കിൽ നിങ്ങൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ അഖില ഭാരത കാമുക നിയമമായ 1954 - ലെ Special Marriage Act ആണ്‌ പ്രയോഗിക്കേണ്ടത്.

ഇത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കരാർ ആണ്‌.

ആർക്കൊക്കെ ഈ നിയമം വഴി വിവാഹിതരാകാം?

1. ജമ്മുവിലും കാഷ്മീരിലും ഒഴികെ വേറെ എവിടെയും സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരായ പുരുഷനും സ്ത്രീയ്ക്കും ഈ നിയമം വഴി വിവാഹിതരാകം.
2. ഈ നിയമം വഴി വിവാഹിതരാകാൻ ശ്രമിക്കുന്ന ആർക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകാൻ പാടില്ല.
3. രണ്ടു പേരിൽ ആരും സ്വന്തമായി തീരുമാനം എടുക്കാൻ പറ്റാത്തവണ്ണം മാനസികമായി അസുഖം ഉള്ളവർ ആകരുത്.
4. വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയം വരന്‌ 21 വയസും വധുവിന്‌ 18 വയസും തികഞ്ഞിരിക്കണം.
5. വധുവും വരനും വിവാഹം ചെയ്യാൻ പാടില്ലാത്തയത്രയും അടുത്ത ബന്ധം ഉള്ളവരാകാൻ പാടില്ല.


എങ്ങിനെ, എവിടെയാണ്‌ അപേക്ഷിക്കേണ്ടത്?

വരനും വധുവും 3 സാക്ഷികളുമായി വരന്റെയോ വധുവിന്റെയോ ജില്ലയിലുള്ള marriage officer-ഉടെ ഒഫീസിൽ എത്തി 3 രൂപ വിലയുള്ള നിശ്ചിത ഫോം പൂരിപ്പിച്ച് നൽകുക.
തുടർന്ന് 30 ദിവസം ഈ ഓഫീസിന്റെ നോട്ടീസ് ബോർഡിൽ ഒരു നോട്ടീസ് പ്രസിദ്ധീകരിക്കും.( എല്ലാവരെയും കാണേണ്ട പോലെ കണ്ടാൽ വേറേ ഏതെങ്കിലും നോട്ടീസ് നമ്മുടേ നോട്ടീസിനു മുകളിൽ അപ്പോൾ തന്നെ പതിപ്പിക്കാം.)
നിശ്ചിത 30 ദിവസത്തിനഉള്ളിൽ ആരും ഒബ്ജക്ഷനുമായി എത്തിയില്ലെങ്കിൽ അതിനു ശേഷം മേൽ പറഞ്ഞ 3 സാക്ഷികളുമായി ചെന്ന് വധൂവരന്മാർ രെജിസ്റ്റെറിൽ സൈൻ ചെയ്യെണ്ടതാണ്‌. ഇതിനായി ചെല്ലുമ്പോൾ 10 രൂപയുടെ സ്റ്റാമ്പ് പേപ്പറും കരുതണം.
നേരത്തേ പറഞ്ഞതുപോലെ കാണണ്ടതു പോലെ കണ്ടാൽ അന്നു തന്നെ വിവാഹ സർട്ടിഫിക്കറ്റുമായി സന്തോഷത്തോടെ മടങ്ങാം.

കൂടുതൽ വിവരങ്ങൾ കേരള സർക്കാരിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്‌.

ഫോമിന്റെ 3 രൂപയും മുദ്ര പത്രത്തിന്റെ 10 രൂപയും കൂട്ടി ആകെ ചിലവ് 13 രൂപയെ ഉള്ളെങ്കിലും കുറഞ്ഞത് ഒരു 1000 രൂപ എങ്കിലും കൈയിൽ കരുതിയാൽ വലിയ തട്ടുകേടൊന്നും ഇല്ലാതെ 30 ദിവസം കൊണ്ട് കാര്യം നടന്നുകിട്ടും. നമ്മുടെ നാടല്ലേ, വഴിയാം വണ്ണം കണ്ടാൽ വഴിവിട്ട് എന്തു സഹായവും ചെയ്തു തരാൻ ഉദ്യോഗസ്ഥർ തയാറായിരിക്കും. (അവർക്കും പെണ്മക്കളെ കെട്ടിച്ചുവിടാനുണ്ടാകും!)

09 March 2011

മരുന്നു നൽകി കൊല്ലേണ്ട, പട്ടിണിക്കിട്ട് കൊല്ലാം !!!!!

ഇതിൽ എങ്ങിനെ പ്രതികരിക്കാനാണ്‍ ??
കഴുത്തറത്ത് കൊല്ലാൻ പറഞ്ഞില്ലല്ലോ എന്ന് സമാധാനിക്കാം!!!!

03 March 2011

ലോക കപ്പ് ക്രിക്കറ്റിലെ അട്ടിമറികൾ

1. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് 1983 ലോക കപ്പ് - ഇംഗ്ലണ്ട് ( India won by 43 runs )
മൂന്നാം ലോക കപ്പിൽ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടുമ്പോൾ ആകെ ഉAdd Imageള്ള
സാധ്യത വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്നാം കിരീട ധാരണം മാത്രമായിരുന്നു.
ഇതിനു മുന്‍പുള്ള രണ്ട് വേൾഡ് കപ്പിലും കൂടി ഇന്ത്യ ആകെ ജയിച്ചത് ഒരേയൊരു കളി മാത്രമായിരുന്നു. വെസ്റ്റ്
ഇന്‍ഡീസാകട്ടെ ആദ്യ രണ്ടു ലോക കപ്പില്‍ തോറ്റിട്ടില്ലായിരുന്നു.
ഗ്രൂപ് മത്സരത്തിലെ ആദ്യ കളിയിൽ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 34 റണ്‍സിനു തോല്പിച്ചുവെങ്കിലും രണ്ടുപേരും ഫൈനലിൽ എത്തുകയായിരുന്നു.
ഫൈനലിൽ ഇന്ത്യയുടെ 183 റണ്‍സ് പിന്തുടർന്ന വെസ്റ്റ് ഇന്‍ഡീസ് 140 ന് എല്ലാവ
രും ഔട്ടാകുകയായിരു
ന്നു.
ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ലോക കപ്പ് 1983 ജൂണ്‍ 25 ന്
കപിൽ ദേവ് ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി.2. കെനിയ - വെസ്റ്റ് ഇന്‍ഡീസ് 1996 ലോക കപ്പ് - ഇന്ത്യ,പാകിസ്ഥാൻ ,ശ്രീലങ്ക ( Kenya won by 73 runs )
ആറാം ലോക കപ്പിൽ ഒരിക്കൽ കൂടി വെസ്റ്റ് ഇന്‍ഡീസിനു പിഴച്ചു. ഇത്തവണ കെനിയയോടായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തോൽവി.
സ്ഥിരത ഇല്ലാത്ത പ്രകടനമായിരുന്നു അതുവരെ വെസ്റ്റ് ഇന്‍ഡീസ് നടത്തിയിരുന്നതെങ്കിലും കെനിയക്കുമേൽ ഒരു ആധികാരികമായ വിജയം ആയിരുന്നു
എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
കെനിയയെ 166 ന് പുറത്താക്കി അവർ പ്രതീക്ഷ നില നിര്‍ത്തുകയും ചെയ്തു.
പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെ 93 ന് പുറത്താക്കി കെനിയ ക്രിക്കറ്റ് ലോകത്തെ മുഴുവൻ
ഞെട്ടിച്ചു.
3. സിംബാവെ - ഇന്ത്യ 1999 ലോക കപ്പ് - ഇംഗ്ലണ്ട് ( Zimbabwe won by 3 runs )
ഏഴാം ലോക കപ്പിൽ ഇന്ത്യയായിരിന്നു ഒരു അട്ടിമറിക്ക് ഇരയായത്.
ആദ്യം ബാറ്റ് ചെയ്ത
സിംബാവെ 252 റണ്ണിന്റെ മാന്യമായ
സ്കോർ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പ്രതീക്ഷക്ക് വക നല്‍കുകയും ചെയ്തു. അവസാന 2 ഓവറിൽ 3 വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 9 റൺസ് മാത്രമായിരുന്നു. പക്ഷെ തന്റെ അടുത്ത ഓവറിൽ 5 റൺസ് വഴങ്ങി അവസാന 3 വിക്കറ്റ് വീഴ്ത്തി ഹെന്‍റി ഒലോങ്കോ സിംബാവെയെ ചരിത്രത്തിലേക്ക് കൈ പിടിച്ചു നടത്തി.


4. അയർലണ്ട് - പാകിസ്ഥാൻ 2007 ലോക കപ്പ് - വെസ്റ്റ്
ഇന്‍ഡീസ് ( Ireland won by 3 wickets (D/L method) )
പാകിസ്ഥാനെ വെറും 132 റണ്‍സിനു പുറത്താക്കിയ അയർലണ്ട് 32 പന്തുകൾ ബാക്കി നില്‍ക്കെ 3 വിക്കറ്റിനു ജയിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാൻ 2007 ലോക കപ്പിൽ നിന്നും പുറത്താകുകയും ചെയ്തു.5. ബംഗ്ലാദേശ് - ഇന്ത്യ 2007 ലോക കപ്പ് - വെസ്റ്റ്
ഇന്‍ഡീസ്
അതേ ലോക കപ്പിൽ ഇന്ത്യ ബംഗ്ലാദേശിനോട് 5 വിക്കറ്റിനു തോറ്റ് പുറത്തായി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മോര്‍ട്ടസയുടെ 4 വിക്കറ്റ് പ്രകടനത്തിൽ 191 ന് എല്ലാവരും പുറ
ത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.


6 അയർലണ്ട് - ഇംഗ്ലണ്ട് 2011 ലോക കപ്പ് - ഇന്ത്യ ( Ireland won by 3 wickets )
2011 ലോക കപ്പിലെ ആദ്യ അട്ടിമറി. ഇംഗ്ലണ്ട് ഉയർത്തിയ 328 റണ്ണിന്റെ വെല്ലുവിളി ചങ്കൂറ്റത്തോടെ നേരിട്ട അയർലണ്ട് അവസാന ഓവറിലെ ആദ്യ പന്തിൽ വിജയ റൺ കുറിച്ചു.
ലോക കപ്പ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ കെവിൻ ഒബ്രിയന്റെ പ്രകടനമാണ് അയർലണ്ടിനെ വിജയത്തിൽ എത്തിച്ചത്.


28 February 2011

ചതുർത്ഥ്യാകരി.

എന്തേയ് പേരു കേട്ട് ഞെട്ടിയോ?
ഇതാണെന്റെ നാടിന്റെ പേര്.

ആലപ്പുഴയിലെ കുട്ടനാട്ടിൽ ആണ് ഈ പറഞ്ഞ ചതുർത്ഥ്യാകരി.
പണ്ട് പണ്ട് നമ്മുടെ അര്‍ജുനൻ ഗാണ്‍ഢവ വനം ദഹിപ്പിച്ചപ്പോൾ പൂര്‍ണമായും നശിക്കാതെ നിന്ന കരകളിൽ ഒന്നാണ് ചതുർത്ഥ്യാകരി.( മച്ചൂ ചില്ലറക്കാരല്ല ഞങ്ങൾ, തീയിൽ കുരുത്തവരാണു കേട്ടാ )
കുട്ടനാട്ടിൽ രാമങ്കരി,കൈനകരി,ചങ്ങംകരി,മിത്രക്കരി എന്നിങ്ങനെ കരികൾ വേറേയും ഒരുപാട് ഉണ്ട്.
എങ്കിലും ചതുർത്ഥ്യാകരി എന്ന പേരിന്റെ ആ ഒരു ഗ്ലാമർ വേറേ ഒന്നിനും ഇല്ല.

കുറച്ചു നാളുകൾക്ക് മുൻപുണ്ടായ ഒരു കഥ പറയാം.
കുറച്ചു നാൾ എന്നു പറഞ്ഞാൽ ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ട്.
അന്നു ഞാൻ അത്യാവശ്യം നന്നായി മദ്യപിക്കുന്ന സമയമാണ്.( ഇന്നു ഞാൻ പക്കാ ഡീസന്റ് ആണു കേട്ടോ.)
അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാനും എന്റെ കുറച്ച് കൂട്ടുകാരും കൂടി ഒന്നു കൂടുകയായിരുന്നു.
പാലാരിവട്ടത്തെ ഞങ്ങളുടെ സ്വന്തം റൂബി ബാറിൽ ആയിരുന്നു കൂടൽ. ( പാലാരിവട്ടത്ത് ചെന്നു റൂബി ബാർ തിരക്കേണ്ടാ. ഇതു ഞങ്ങളുടെ ഒരു സാറിന്റെ റൂബി എന്നു പേരുള്ള വീടായിരുന്നു. ഞങ്ങളുടെ സ്ഥിരം കാര്യ പരിപാടികൾ അവിടെയായിരുന്നതു കൊണ്ട് വീണ പേരാണ് റൂബി ബാർ എന്നത്.)

പതിവുപോലെ വലിയ താമസം ഒന്നും ഇല്ലാതെ കുപ്പികൾ കാലിയായി.( ശരിക്കും അന്നൊക്കെ കുടിക്കുന്നതിനേക്കാൾ സമയം വേണ്ടത് പരിപാടി ഒരുക്കുന്നതിനായിരുന്നു.) എന്റെ ഒരു രാമങ്കരിക്കാരൻ സുഹൃത്ത് ബൈക്ക് എടുത്ത് കളമശ്ശേരിയിലെ അവന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി. പോയി കുറച്ച് കഴിഞ്ഞില്ല, എന്റെ ഫോണിലേക്കു അറിയാൻ പാടില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു കോൾ വന്നു. നക്ഷത്രങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ട് ഭൂമീ ദേവിയുടെ നെഞ്ജിൽ പറ്റിപ്പിടിച്ചു കിടന്ന ഞാൻ ആ കോൾ മിസ് ചെയ്തു.
ഇടപ്പള്ളി എത്തിയപ്പോഴേ അവനെ ഏമാന്മാര് പൊക്കിയിരുന്നു. പാവപ്പെട്ടവന്റെ ഫോണിൽ ബാലൻസ് ഇല്ലാഞ്ഞിട്ട് SI യുടെ ഫോൺ വാങ്ങി അതിൽ നിന്നും വിളിക്കുകയായിരുന്നു എന്നെ. പിന്നെ ആരെയൊക്കെയോ വിളിച്ച് രാത്രി തന്നെ അവനെ പുറത്തിറക്കി. പക്ഷെ വണ്ടി ഇടപ്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഈടു വെച്ചിട്ടാണ് പാവപ്പെട്ടവനെ വിട്ടയച്ചത്.

അടുത്ത ദിവസം അതി രാവിലെ 10 മണിക്ക് ഞാനും ഈ കൂട്ടുകാരനും ഞങ്ങളുടെ ഓഫീസിലെ വേറൊരു പയ്യനും കൂടി അവനു ജാമ്യം എടുക്കാൻ ഇടപ്പള്ളി സ്റ്റേഷനിൽ എത്തി. വാങ്ങണ്ടതെല്ലാം വാങ്ങി, കൊടുക്കേണ്ടതെല്ലാം കൊടുത്ത് ഞങ്ങൾ റൈറ്ററുടെ മുന്‍പിൽ എത്തി.
ജാമ്യക്കാരനായ എന്റെ അഡ്രസ്സ് എഴുതുന്നതാണ് സീൻ.

റൈറ്റർ : പേര്
ഞാൻ : ശ്രീപതി ദാസ്.
റൈറ്റർ: എന്തോന്ന് ?
ഞാൻ : ശ്രീ... പ... തി... ദാ... സ്...
റൈറ്റർ : സ്ഥലപ്പേര്.
ഞാൻ : ചതുര്‍ത്ഥ്യാകരി പി ഓ, ആലപ്പുഴ.
റൈറ്റർ : ഒന്നൂടെ...
ഞാൻ : ചതുര്‍ത്ഥ്യാകരി.. ചതുര്‍ത്ഥ്യാകരി
റൈറ്റർ : അതെ ഈ ' ത്ഥ്യ ' എങ്ങിനെയാ?
ഞാൻ : അതു സാറേ ദേ ഇങ്ങനെ എഴുതിയാൽ മതി. ( അവിടെ കിടന്ന ഒരു പേപ്പറിൽ ഞാൻ എഴുതി കാണിച്ചു. )
റൈറ്റർ : ഓകെ. ഓകെ. ഇനി ഒരു ലാന്റ് മാർക് പറ.
ഞാൻ : സാഹിത്യ പോഷിണി ഗ്രന്ധശാലക്ക് സമീപം.
റൈറ്റർ : ഒരു കാര്യം ചെയ്യ്, ലാന്റ് മാർകും വേണ്ടാ ഒരു ഡാഷും വേണ്ടാ . പിന്നെ, മേലാൽ ആര്‍ക്കെങ്കിലും ജാമ്യം എടുക്കാൻ നീ ഇങ്ങോട്ടു വന്നു പോകരുത്. പോ.. പോ.. പോ.. വീട്ടിൽ പോടാ.. അവന്റെ ഒരു പേരും സ്ഥലപ്പേരും ലാന്റ് മാർകും. സത്യം പറ, ഇതുള്ള സ്ത്ഥലമാണോടേയ്??

എനിക്കും തോന്നി ഇതിത്തിരി കടന്ന കയ്യായിപ്പോയെന്ന്. പക്ഷെ എന്തു ചെയ്യാം?

ഇതാണെന്റെ ചതുര്‍ത്ഥ്യാകരി


22 February 2011

കേരളത്തിൽ ജീവിക്കുന്ന പെൺകുട്ടികൾ അറിയാൻ.

മുന്നറിയിപ്പ് : ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളെ അതിന്റെ ശരിയായ അർത്ഥത്തിൽ തന്നെ കാണും എന്നു വിശ്വസിക്കുന്നു.

2011 ഫെബ്രുവരി 1ം തീയതി എറണാകുളം - ഷൊർണൂർ ട്രെയിനിൽ നിന്നും പുറത്തേക്ക് വീഴുകയും (വീണതാണോ അതോ എറിഞ്ഞതാണോ എന്ന് ഇനിയും വ്യക്തമല്ല) പിന്നീട് അതി ദാരുണമായി പീഡിപ്പിക്കപ്പെട്ട് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സൗമ്യ എന്ന സഹോദരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

എത്ര എത്ര പീഡന വാർത്തകൾ നമ്മൾ കേട്ടു കഴിഞ്ഞു?
ഇനിയും കേൾക്കും ഇല്ലേ??
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതു നാം തിരഞ്ഞെടുത്ത ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, നമുക്കെല്ലാവർക്കും ഓരോ പോലീസുകാരനെ വീതം സഹായത്തിന് നല്‍കാൻ ആർക്കും കഴിയില്ല.

പിന്നെ എന്താണു നടപ്പുള്ള കാര്യം?

കുറച്ചൊക്കെ നമ്മൾ സ്വയം സൂക്ഷിക്കണം കൂടാതെ ആവശ്യമുള്ളപ്പോൾ പോലീസിന്റെയോ മറ്റുള്ളവരുടെയോ സഹായം ലഭിക്കുകയും വേണം.
സൗമ്യ വീഴുന്നതു കണ്ട അടുത്ത കമ്പാർട്ട്മെന്റിലെ ഒരു യാത്രക്കാരൻ മറ്റുള്ളവരോടു അതു പറഞ്ഞിട്ടും ആ ചങ്ങല ഒന്നു വലിക്കാൻ ആർക്കും ധൈര്യം തോന്നിയില്ല. (ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അതു സംഭവിക്കില്ല എന്നല്ല പറയുന്നത്). ചങ്ങല വലിച്ചു കഴിഞ്ഞ് ഉണ്ടാകുന്ന, സാക്ഷി പറയുക തുടങ്ങിയ ഭവിഷ്യത്തുകൾ നേരിടാൻ ആർക്കും താല്പര്യമില്ല എന്ന്താണ് കാര്യം.
ഇതുപോലുള്ള സന്ദർഭങ്ങളിൽ പോലീസിന്റെയോ റെയിൽവേയുടെയോ സഹായം തേടിയ ആളെ പിന്നീട് ഒരിക്കലും ബുദ്ധിമുട്ടിക്കില്ല എന്ന ഉറപ്പ് ഗവണ്മെന്റിന് നല്‍കാൻ കഴിഞ്ഞാൽ എന്തെങ്കിലും മാറ്റം ഉണ്ടാകില്ലെ?

സ്ത്രീകള്‍ക്കു നേരേ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് ജോലിസ്ഥലത്തും യാത്രചെയ്യുമ്പോളും ആണ്.

ജോലിസ്ഥലത്ത് ഉണ്ടാകുന്ന എല്ലാ വിധ അതിക്രമങ്ങളെയും നേരിടാൻ പോന്ന അതി ശക്തമായ നിയമം നമുക്കുണ്ട്.
അശ്ലീലം നിറഞ്ഞ വാക്കോ, നോക്കോ, ആംഗ്യമോ കൂടി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഇങ്ങനെ എന്തെങ്കിലും അനുഭവം നിങ്ങള്‍ക്കുണ്ടായാൽ തീർച്ചയായും അതു ചുമതലപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുക. നിങ്ങളുടെ നിസംഗത ഇത്തരം ഞരമ്പുരോഗികൾക്ക് ഇത് തന്നെയോ ഇതിലും വലുതോ ആയ കുറ്റങ്ങൾ നിങ്ങളോടോ മറ്റുള്ളവരോടൊ ചെയ്യാൻ ഉള്ള ധൈര്യം നൽകും എന്നു മനസിലാക്കുക.

രാത്രി യാത്രയുടെ ഇടയിൽ വീട്ടിലേക്കോ മറ്റോ വിളിക്കുമ്പോൾ എവിടെയാണ് എന്നത് കൃത്യമായി പറയുക. വീട്ടുകാരെ സമാധാനിപ്പിക്കാൻ അടുത്തെത്തിയെന്നോ, ഇടക്കെവിടെയെങ്കിലും കയറുന്നതു കൊണ്ട് താമസിക്കും എന്നു തോന്നി അകലെയാണെന്നോ പറയാതിരിക്കുക.
രാത്രിയിലും മറ്റും തനിച്ച് യാത്ര ചെയ്യുമ്പോൾ സീറ്റിനുവേണ്ടിയോ മറ്റെന്തിനെങ്കിലും വേണ്ടിയോ ആരുമായും മുഷിഞ്ഞു സംസാരിക്കതിരിക്കാൻ കഴിവതും ശ്രദ്ധിക്കുക.

എറണാകുളം - ഷൊർണൂർ ട്രെയിൻ ഷൊർണൂർ എത്താൻ 15 മിനിറ്റിൽ താഴെ മാത്രം സമയം ഉള്ളപ്പോൾ ആണ് സൗമ്യക്ക് ഈ അതിക്രമം നേരിടേണ്ടി വന്നത്.

ഇതിനു സമാനമായി ഒരു സംഭവം കുറച്ച് മാസങ്ങൾക്ക് മുൻപ് നടന്നിരുന്നു. അന്ന് ഒരു പെൺകുട്ടി കള്ളനെ വരുതിയിലാക്കുകയും ചെയ്തിരുന്നു. കള്ളൻ വന്നു മാലയിൽ പിടുത്തമിട്ട ഉടനെ തന്നെ പെൺകുട്ടി അവന്റെ അടിനാവിയിൽ ഒരു ചവിട്ടു വെച്ച് കൊടുത്തു. പിന്നീട് ഗാർഡ് എത്തുമ്പോൾ കള്ളൻ , തന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകണേ എന്നു നിലവിളിക്കുകയായിരുന്നു.
ഒരു പുരുഷന്റെ ഏറ്റവും വലിയ മർമ്മമാണ് അവന്റെ ബോൾസ്. അവിടെ ഏൽക്കുന്ന വളരെ ചെറിയ ഒരു ആഘാതം പോലും താങ്ങാൻ ഒരു പുരുഷനും കഴിയില്ല. കുറച്ച് നേരത്തേക്ക് ഒരുത്തനെ നിലക്ക് നിർത്താൻ ഏത് പെണ്ണിനും കഴിയും.
അവശ്യ ഘട്ടങ്ങളിൽ സ്ത്രീ സഹജമായ പേടിയും നാണവും ഒഴിവാക്കി ധൈര്യത്തോടെ എതിർക്കുക.

ഇനി ചെയ്യേണ്ടത് ഈ നമ്പരുകൾ ഫോണിൽ സേവ് ചെയ്യുക എന്നതാണ്.
ആവശ്യ സമയത്ത് തീർച്ചയായും വിളിക്കുകയും ചെയ്യുക.

Vanitha Help line Numbers: 1091 (ടോൾ ഫ്രീ) , 2 33 99 53, 999 53 999 53
Railway Alert : 9846 200 100, 9846 200 150, 9846 200 180.
Cyber Cell Number : 0471-2556179
State Vanitha Cell (TVM)
0471-2338100
Vanitha Police Station, Trivandrum
0471-2321555
Women's Cell, Kollam
0474-2742376
Women's Cell, Pathanamthitta
0468-2222927
Women's Cell, Kottayam
0481-2302977
Women's Cell, Idukki
9745-769386
Women's Cell, Kochi
0484-2396730
Women's Cell, Thrissur
9745-796230
Women's Cell, Palakkad
0491-2522340
Women's Cell, Malappuram
9745-769151
Women's Cell, Kozhikode
0495 - 2724070
Women's Cell, Wayanad
9745-769072
Women's Cell, Kannur
9745-769032
Vanitha Helpline Number of Kerala Police
9846 100 100
Highway Helpline Numbers of Kerala Police
9846 100 100
Railway Helpline Numbers of Kerala Police
9846 200 100വനിതാ കമ്മീഷൻ വിലാസം
Chairperson
Kerala State Women’s Commission
Vanross Junction, University P.O, Thiruvananthapuram - 34
Ph. 0471 - 0471-2322590, 2320509
Fax Number - 0471-2320509

21 February 2011

എന്താണ് 2G spectrum വിവാദം.


2G spectrum
2G spectrum എന്നത് മൊബൈൽ കമ്പനികൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഒരു frequency ആണ്. 2G frequency സ്വന്തമായി ഉണ്ടെങ്കിൽ മാത്രമേ സംഭാഷണങ്ങൾക്ക് ഡിജിറ്റൽ ക്വാളിറ്റി ഉണ്ടാകൂ. SMS ഉൾപ്പെടെ ഉള്ള ഡാറ്റാ സർവീസുകൾക്ക് 2G frequency അത്യന്താപേക്ഷിതമാണ്.
ചുരുക്കി പരഞ്ഞാൽ ഇപ്പോൾ ഒരു മൊബൈൽ കമ്പനിക്ക് പ്രവർത്തിക്കണമെങ്കിൽ 2G frequenc ഇല്ലാതെ പറ്റില്ല.

2G spectrum എന്താണ് എന്ന് ഇനിയും കൂടുതൽ അറിയാൻ വിക്കിപീഡിയയോറട് ചോദിക്കാം

ഇനി എന്താണ് ഈ വിവാദം?

1. 2G licenses പ്രൈവറ്റ് കമ്പനികൾക്ക് വളരെ കുരഞ്ഞ നിരക്കിൽ നൽകി. (ഇതു നടന്നത് 2008-ൽ ആണ്)
2. ഈ ഇടപാട് കൊണ്ട് ഗവണ്മെന്റിന് ഉണ്ടായ നഷ്ടം 1.76 ലക്ഷം കോടി രൂപ.(Rs. 1.76 lakh crore)
3. ഈ ഇടപാട് നടത്തുന്നതിനായി നിയമങ്ങളും ചട്ടങ്ങളും തിരുത്തി.

രാജയുടെ മുകളിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

2G licenses വില കുറച്ച് നൽകി.
 1. 2G spectrum licens-ന്റെ Entry fee 2001-ഇലേതാക്കി കുറച്ചു.
  (2001-ഇല്‍ 4 million ആയിരുന്ന മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 2008-ഇല്‍ 350 million ആയി എന്നതും ഇതിനു കൂടെ പരിഗണിക്കേണ്ടതാണ്.)
ചട്ടങ്ങൾ ഒന്നും പാലിച്ചില്ല.
 1. licens കൊടുക്കാൻ തുടങ്ങിയതിനു ശേഷം നിയമങ്ങൾ മാറ്റി.
 2. ആപ്ലിക്കേഷൻ കൊടുക്കുവാനുള്ള അവസാന തീയതി ഒരു ആഴ്ച കുറച്ചു.
 3. ലേലം ചെയ്തു നല്‍കേണ്ടിയിരുന്ന Licens വേണ്ടപ്പെട്ടവർക്ക് കിട്ടുവാൻ വേണ്ടി first-come-first-served രീതിയിൽ അനുവദിച്ചു.
 4. TRAI-യുടെയും Law Ministry-യുടെയും Finance Ministry-യുടെയും നിർദേശങ്ങൾ അവഗണിച്ചു.
 5. Licens ലേലം ചെയ്തു നൽകണം എന്ന TRAI നിർദേശം അവഗണിച്ചു.
ഇതു കൊണ്ട് ലാഭം ഉണ്ടാക്കിയവർ ആരൊക്കെ, എങ്ങിനെ.
 1. Unitech, Swan എന്നീ കമ്പനികൾക്ക് telecom മേഖലയിൽ യാതൊരു മുൻ പരിചയവവും ഇല്ലാതെ തന്നെ Licens നേടിയെടുക്കാൻ കഴിഞ്ഞു.
 2. ശരിയായ മാനദണ്ടങ്ങൾ പാലിക്കാതെ തന്നെ Swan Telecom Licens നേടി.
 3. 1537 കോടി രൂപക്ക് Licens വാങ്ങിയ Swan അവരുടെ 45% ഓഹരി 4200 കോടി രൂപക്ക് വിറ്റു.
 4. 1661 കോടി രൂപക്ക് Licens വാങ്ങിയ Unitech അവരുടെ 60% ഓഹരി 6200 കോടി രൂപക്ക് വിറ്റു.

ഇനി മറ്റു ചില കാര്യങ്ങൾ.

 1. രാജയെ പറ്റിയുള്ള ധനകാര്യ മന്ത്രി ചിദംബരത്തിന്റെ മുന്നറിയിപ്പ് പ്രധാന മന്ത്രി മൻ മോഹൻ സിങ് ചെവിക്കൊണ്ടില്ല.
 2. 15/1/2008-ൽ ചിദംബരം പ്രധാന മന്ത്രിക്ക് എഴുതിയ കത്തിൽ Licens ലേലം ചെയ്തു വിൽക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും മൻ മോഹൻ നടപടികൾ ഒന്നും എടുത്തില്ല.
2G spectrum Licens ചുളുവിൽ സ്വന്തമാക്കിയ കമ്പനികൾ.
 1. Unitech Group
 2. Swan Telecom
 3. Loop Mobile
 4. Videocon Telecommunications Limited
 5. S Tel
 6. Reliance Communications
 7. Sistema Shyam Mobile (MTS) – Sistema Mobile Russia
 8. Tata Communications
 9. Vodafone Essar
 10. Dishnet Wireless
 11. Allianz Infra