Subscribe:

Ads 468x60px

22 March 2011

ദൈവത്തിന്റെ നെറ്റ്വർക്ക് മാർക്കെറ്റിങ്ങ് (ഭീഷണി മാർക്കെറ്റിങ്ങും)

ഈ കോർപറേറ്റ് യുഗത്തിൽ പബ്ലിസിറ്റി ഇല്ലാതെ ഒന്നിനും അധികകാലം നിലനില്പ്പില്ലല്ലോ? സിനിമയുടെ കാര്യത്തിൽ തന്നെ ആണെങ്കിൽ പണ്ടൊക്കെ ഒരു സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞാൽ കാണുന്ന മതിലിലെല്ലാം പോസ്റ്ററൊട്ടിക്കണം, പത്രത്തിൽ പരസ്യം കൊടുക്കണം പിന്നെ ദൈവം സഹായിച്ച് പടം 100 ദിവസം ഓടിയാൾ വീണ്ടും കുറച്ച് ഫോട്ടോ എടുത്ത് പോസ്റ്റർ അടിക്കണം. പരിപാടി തീർന്നു. പക്ഷെ ഇപ്പോളോ, ഷൂട്ടിങ്ങ് കഴിഞ്ഞാലുടൻ പ്രമോഷൻ പരിപാടികൾ, മൽസരങ്ങൾ, വെബ് സൈറ്റ്, ഓഡിയോ റിലീസ്,അഭിമുഖങ്ങൾ, റ്റ്വിറ്റർ ആഘോഷം, ഫിലിം പെട്ടിക്ക് ഫാൻസ് വക സ്വീകരണം, ചെണ്ട മേളം എന്നു വേണ്ട ആകെ ഒരു ബഹളം.
എല്ലാം ഇങ്ങിനെയൊക്കെ ആകുമ്പോൾ പാവം ദൈവം തമ്പുരാന്റെ കാര്യം എന്തു ചെയ്യും? പുള്ളിക്കാണെങ്കിൽ ചാനലില്ല, ഫാൻസ് അസോസിയേഷനില്ല, റ്റ്വിറ്റെർ അക്കൗണ്ട് ഇല്ല, ബ്ലോഗുമില്ല. പിന്നെ ആകെയുള്ളത് കുറച്ച് അമ്പലങ്ങളും പള്ളികളും ഒക്കെയാണ്‌. പുതിയ തലമുറയിലെ പിള്ളേരെ വലവീശാൻ ഇതൊന്നും പോരല്ലോ. പിന്നെ കുറച്ച് സംഘടനകളുള്ളത് നമ്മുടെ ആളെ സ്ഥാനാർത്ഥി ആക്കണം എന്നു പറഞ്ഞ് പാർടികളുടെ പുറകെയാണ്‌. അപ്പം പിന്നെ എന്തു ചെയ്യും സ്വന്തം ഇമേജ് കാക്കാൻ ദൈവം തുനിഞ്ഞിറങ്ങിയല്ലേ പറ്റൂ.
പുള്ളി ഇറങ്ങുകയും ചെയ്തെന്ന്! ദൈവമാരാ മോൻ പുള്ളി നേരേ നെറ്റ്വർക്ക് മാർക്കെറ്റിങ്ങിലേക്കല്ലേ ഇറങ്ങിയത്.എത്ര എത്ര ഇമെയിലാണെനിക്ക് വരുന്നതെന്നോ? പിന്നെ പുള്ളീടെ മെയിലിന്‌ എല്ലാം ഒരു ഫോർമാറ്റ് ഉണ്ടാകും ദാ ഇങ്ങനെ.
  1. ദൈവത്തിന്റെ കുറച്ച് അൽഫുത പ്രവർത്തികളുടെ ദൃക്‌‍സാക്ഷി വിവരണം ആദ്യ പാരഗ്രാഫ്.
  2. ഈ മെയിൽ ഫോർവേഡ് ചെയ്താൽ നിങ്ങൾക്കുണ്ടാകാൻ പോകുന്ന അമൂല്യ സൗഭാഗ്യങ്ങളുടെ ലിസ്റ്റ് + ഇങ്ങനെ സൗഭഗ്യം നേടിയ കുറച്ചു പേരുടെ അനുഭവങ്ങൾ.
  3. ഈ മെയിൽ ഡിലീറ്റ് ചെയ്തിട്ട് ആകാശമിടിഞ്ഞ് തലയിൽ വീണ്‌ പിടലി ഒടിഞ്ഞവരുടെ കഥ.
ഈ ദൈവത്തിന്റെ ഒരു പുത്തി! പുള്ളിക്ക് എങ്ങനെയൊക്കെ ഹിറ്റ് കിട്ടുമെന്നറിയുമോ?
  1. അൽഭുതം സ്തുതിച്ച് ഫോർവേഡ് ചെയ്യുന്നവര്‌
  2. എന്തൊക്കെയോ കിട്ടുമെന്ന് കരുതി ഫോർവേഡുന്നവർ.
  3. പിടലി പോയലോ എന്നു കരുതി ചെയ്യുന്നവർ.
ആകെ മുഴുവൻ ഫോർവേഡോട് ഫോർവേഡ്.
സമ്മതിച്ചു ദൈവമേ നിങ്ങള്‌ പുലിയാണു കേട്ടോ.

This Marketing idea is protected under the copyright Act. Property of of G O D !!

16 March 2011

ദേ ഇതുകൊണ്ടാണ്‌ ഞാൻ‍ പാലാരിവട്ടത്തുനിന്ന് ആലപ്പുഴക്ക് KSRTC ബസിൽ പോകുന്നത്!!

IndiGo Airlines ലെ Captain Parminder Kaur Gulat നെ വ്യാജ മാർ‍ക് ലിസ്റ്റ് ഉപയോഗിച്ച് ലൈസൻസ് നേടി എന്ന കുറ്റത്തിന്‌ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തു.

ആയമ്മ 2007 മുതൽ ഇന്റിഗോ യിൽ കോ പൈലറ്റായിരുന്നു. ആ സമയം നടന്ന air navigation പരീക്ഷയിൽ തോറ്റു. മാത്രമല്ല radio aids and instruments എന്ന പരീക്ഷ എഴുതുക പോലും ചെയ്തില്ല.
പക്ഷെ ഈ പരീക്ഷയുടെ എല്ലാം വ്യാജ മാർക്‍‍ഷീറ്റുമായി അവർ‍ 2009-ൽ‍ കൊമേഴ്സ്യൽ പൈലറ്റ്‍ ലൈസൻസ് നേടി!
പിന്നെ നേരേ ഇന്റിഗോയിൽ വീമാനം പറത്താനും തുടങ്ങി.

ഇക്കഴിഞ്ഞ ജാനുവരി 11ന്‌ ഇന്റിഗോയുടെ തന്നെ ഒരു ഫ്ലൈറ്റ്‌ അവര്‍ ഡെൽ‍ഹിയിൽ‍ നിന്ന് ഗോവ വരെ കൊണ്ടുവന്നു.ഗോവയിൽ വെച്ച് ഫ്ലൈറ്റിന്റെ മുൻ ചക്രങ്ങൾ‍ കുത്തിയാണു ലാന്റ് ചെയ്തതത്രേ ( പിൻ‍ ചക്രങ്ങളുപയോഗിച്ചാണ്‌ ലാന്റ് ചെയ്യേണ്ടത്). മാത്രമല്ല, അവരും ഒരു എഞ്ചിനീയറും കൂടി ഫ്ലൈറ്റ് പരിശോധിച്ച് എല്ലാം ഓകെയാണെന്നു റിപോർട്ടും കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഫ്ലൈറ്റിന്‌ തിരിച്ച് ഡെൽ‍ഹിക്ക് പോകാനുള്ള അനുമതി നൽ‍കുകയും ചെയ്തു. പക്ഷേ പോകുന്നവഴിക്ക് ഫ്ലൈറ്റിന്റെ ലാന്റിങ്ങ് ഗിയറിൽ പ്രശ്നമുണ്ടെന്ന് അറിഞ്ഞ് അടിയന്തിരമായി ഗോവയിൽ തിരിച്ചിറക്കുകയായിരുന്നു.

ഇതെല്ലാം കണ്ട് അവരുടെ ഫ്ലൈറ്റ്‍ ഹിസ്റ്ററി ഏടുത്തു നോക്കിയ ഉദ്യോഗസ്ഥർ‍ ഞെട്ടി പോയി. അമ്മച്ചി ഇതുവരെ ഒരു തവണ പോലും മര്യാദക്ക് ലാന്റ് ചെയ്തിട്ടില്ല!!!
പിന്നെ വിശദമായി പരിശോധിച്ചപ്പോളല്ലേ വിവരങ്ങളെല്ലാം അറിഞ്ഞത്‌.

ഏതായാലും 4000ത്തിലധികം പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കുകയാണിപ്പോൾ. കൂടുതൽ‍ ആളുകൾ‍ കുടുങ്ങാം എന്നാണത്രേ സൂചനകൾ.

14 March 2011

മാംഗല്യം തന്തുനാനേന മമ ജീവന ഹേതുന...


ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവളുടെ അഛനമ്മമാരുടെ മനസിൽ ഒരായിരം കണക്കു കൂട്ടലുകളും പ്രതീക്ഷകളും ഭയങ്ങളും ഉടലെടുത്തു കഴിയും.ഏറ്റവും ആദ്യം അവരുടെ മനസിൽ വരുന്നത് അവളുടെ പഠനത്തെയും വിവാഹത്തെയും പറ്റിയുള്ള ചിന്തകളായിരിക്കും.
ഇന്നത്തെ കാലത്ത് ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ നട്ടെല്ലൊടിക്കുന്ന ഒരു മഹാ സംഭവമാണ്‌ ഒരു പെൺകുട്ടിയുടെ വിവാഹം. കുട്ടി ജനിക്കുന്ന ദിവസം മുതൽ അദ്ധ്വാനിച്ചും പിശുക്കിയും കൂട്ടിവെയ്ക്കുന്ന മുഴുവൻ സമ്പാദ്യവും ചിലവിട്ട്, ഇനി വരുന്ന കാലം മുഴുവൻ അദ്ധ്വാനിച്ച് വീട്ടേണ്ട കടങ്ങളും വരുത്തിവെച്ച് സന്തോഷത്തോടെ അവർ അതു മംഗളമായിത്തന്നെ നടത്തും. ഇതിനിടയിൽ ഉണ്ടാകുന്ന ടെൻഷൻ വേറെ. പക്ഷെ ഇതൊക്കെയല്ലേ ഒരു മനുഷ്യ ജന്മത്തിൽ ഒരു അഛനും അമ്മക്കും കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷവും?
വീട്ടിൽ ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞാൽ അന്നു രാത്രി കിടന്നുറങ്ങുമ്പോൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത സുഖ നിദ്രയായിരിക്കും മാതാപിതാക്കൾ അനുഭവിക്കുക.
ഒരു മകൻ അല്ലെങ്കിൽ മകൾ എന്ന നിലയിൽ നമുക്കു നമ്മുടെ അഛനമ്മമാർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണിത്.
പക്ഷെ നമ്മുടെ നാട്ടിൽ മാതാപിതാക്കളെ എതിർത്തുകൊണ്ടുള്ള വിവാഹങ്ങൾ കൂടുകയണ്‌. മക്കളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അഛനമ്മമാരും കുറച്ചൊക്കെ വിവേകം കാട്ടണം. എനിക്കു തോന്നുന്നത് കൂടുതലും മിശ്ര വിവാഹങ്ങളാണിങ്ങനെ നടക്കുന്നതെന്നണ്‌.ജാതി, മതം ഇതൊക്കെ ഇന്നത്തെ കാലത്ത് അത്രയങ്ങ് നോക്കണോ? നിങ്ങളിതു കണ്ടിരുന്നോ?
നമ്മുടെ ജഗതി ശ്രീകുമാറിന്റെ മകളുടെ കല്യാണം.ചെറുക്കൻ ആരാണെന്നറിയില്ലെ, പി.സി. ജോർജിന്റെ മകൻ.കല്യാണം പള്ളിയിൽ വെച്ചായിരുന്നു. രണ്ടു വീട്ടുകാരും കല്യാണത്തിനുണ്ടായിരുന്നു. പെണ്ണു മതം മാറി എന്നതു സത്യം. പക്ഷെ കുടുംബാംഗങ്ങൾ എല്ലാവരും കല്യാണത്തിൽ പങ്കെടുത്തു.
മകനോ മകളോ ഒരു സ്നേഹ ബന്ധത്തിലാണ്‌ എന്നറിഞ്ഞാലുടൻ അതു തകർക്കാനും മകളെ ജയിലിലിടാനും നോക്കതെ അത് ഒരു നല്ല ബന്ധമാണെങ്കിൽ വേണ്ട സമയത്ത് ആ വിവാഹം നടത്തി കൊടുക്കാമെന്നൊരു തീരുമാനമെടുത്താൽ എന്തു സംഭവിക്കാനണ്‌? മറിച്ച് അതൊരു ചീത്ത ബന്ധമാണെങ്കിൽ എന്തുകൊണ്ട് അത് പാടില്ല എന്ന് അവരെ പറഞ്ഞു മനസിലാക്കാൻ ഉള്ള കടമ മാതാപിതാക്കൾക്ക് തീർച്ചയായും ഉണ്ട്.
ഇതല്ലാതെയും വേറേ പല കാരണങ്ങളും ഇങ്ങനെയുള്ള വിവാഹത്തിന്‌ ഉണ്ടാകാം. എങ്കിലും കഴിവതും ഇത്തരം കടന്ന കൈകൾ ഒഴിവാക്കി എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഉള്ള വിവാഹങ്ങളല്ലേ ഏറ്റവും നല്ലത്.

പിന്നെ,ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങക്ക് ഇങ്ങനെ ചെയ്യേണ്ടി വരും എന്നുള്ളവർക്ക് എന്നുള്ളവർക്ക് ഒരു ചെറിയ സഹായം.

രണ്ടുപേരും ഹിന്ദു മതത്തിൽ പെട്ടവരാണെങ്കിൽ ഹിന്ദു മാര്യേജ് ആക്റ്റ് പ്രകാരം ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാം.
രണ്ടു പേരുടെയും ഐ.ഡി. പ്രൂഫും വയസ് തെളിയിക്കുന്ന രേഖയും ക്ഷേത്രത്തിൽ ഹാജരാക്കണ്ടി വരും.

മിശ്ര വിവാഹമാണെങ്കിൽ നിങ്ങൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ അഖില ഭാരത കാമുക നിയമമായ 1954 - ലെ Special Marriage Act ആണ്‌ പ്രയോഗിക്കേണ്ടത്.

ഇത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കരാർ ആണ്‌.

ആർക്കൊക്കെ ഈ നിയമം വഴി വിവാഹിതരാകാം?

1. ജമ്മുവിലും കാഷ്മീരിലും ഒഴികെ വേറെ എവിടെയും സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരായ പുരുഷനും സ്ത്രീയ്ക്കും ഈ നിയമം വഴി വിവാഹിതരാകം.
2. ഈ നിയമം വഴി വിവാഹിതരാകാൻ ശ്രമിക്കുന്ന ആർക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകാൻ പാടില്ല.
3. രണ്ടു പേരിൽ ആരും സ്വന്തമായി തീരുമാനം എടുക്കാൻ പറ്റാത്തവണ്ണം മാനസികമായി അസുഖം ഉള്ളവർ ആകരുത്.
4. വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയം വരന്‌ 21 വയസും വധുവിന്‌ 18 വയസും തികഞ്ഞിരിക്കണം.
5. വധുവും വരനും വിവാഹം ചെയ്യാൻ പാടില്ലാത്തയത്രയും അടുത്ത ബന്ധം ഉള്ളവരാകാൻ പാടില്ല.


എങ്ങിനെ, എവിടെയാണ്‌ അപേക്ഷിക്കേണ്ടത്?

വരനും വധുവും 3 സാക്ഷികളുമായി വരന്റെയോ വധുവിന്റെയോ ജില്ലയിലുള്ള marriage officer-ഉടെ ഒഫീസിൽ എത്തി 3 രൂപ വിലയുള്ള നിശ്ചിത ഫോം പൂരിപ്പിച്ച് നൽകുക.
തുടർന്ന് 30 ദിവസം ഈ ഓഫീസിന്റെ നോട്ടീസ് ബോർഡിൽ ഒരു നോട്ടീസ് പ്രസിദ്ധീകരിക്കും.( എല്ലാവരെയും കാണേണ്ട പോലെ കണ്ടാൽ വേറേ ഏതെങ്കിലും നോട്ടീസ് നമ്മുടേ നോട്ടീസിനു മുകളിൽ അപ്പോൾ തന്നെ പതിപ്പിക്കാം.)
നിശ്ചിത 30 ദിവസത്തിനഉള്ളിൽ ആരും ഒബ്ജക്ഷനുമായി എത്തിയില്ലെങ്കിൽ അതിനു ശേഷം മേൽ പറഞ്ഞ 3 സാക്ഷികളുമായി ചെന്ന് വധൂവരന്മാർ രെജിസ്റ്റെറിൽ സൈൻ ചെയ്യെണ്ടതാണ്‌. ഇതിനായി ചെല്ലുമ്പോൾ 10 രൂപയുടെ സ്റ്റാമ്പ് പേപ്പറും കരുതണം.
നേരത്തേ പറഞ്ഞതുപോലെ കാണണ്ടതു പോലെ കണ്ടാൽ അന്നു തന്നെ വിവാഹ സർട്ടിഫിക്കറ്റുമായി സന്തോഷത്തോടെ മടങ്ങാം.

കൂടുതൽ വിവരങ്ങൾ കേരള സർക്കാരിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്‌.

ഫോമിന്റെ 3 രൂപയും മുദ്ര പത്രത്തിന്റെ 10 രൂപയും കൂട്ടി ആകെ ചിലവ് 13 രൂപയെ ഉള്ളെങ്കിലും കുറഞ്ഞത് ഒരു 1000 രൂപ എങ്കിലും കൈയിൽ കരുതിയാൽ വലിയ തട്ടുകേടൊന്നും ഇല്ലാതെ 30 ദിവസം കൊണ്ട് കാര്യം നടന്നുകിട്ടും. നമ്മുടെ നാടല്ലേ, വഴിയാം വണ്ണം കണ്ടാൽ വഴിവിട്ട് എന്തു സഹായവും ചെയ്തു തരാൻ ഉദ്യോഗസ്ഥർ തയാറായിരിക്കും. (അവർക്കും പെണ്മക്കളെ കെട്ടിച്ചുവിടാനുണ്ടാകും!)